കുവൈത്ത് സിറ്റി: തെരെഞ്ഞെടുപ്പ് കമ്മിഷനെതിരെ രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ ആരോപണം ഗൗരവതരമായി അന്വേഷിക്കണമെന്ന് ഇന്ത്യൻ ഇസ്ലാഹി സെൻറർ ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് കമ്മിഷന്‍ നോക്കുകുത്തിയായെന്നും തെരഞ്ഞെടുപ്പുകള്‍ അട്ടിമറിക്കപ്പെടുന്നുവെന്നും പലരും നേരത്തെ ആരോപണം ഉന്നയിച്ചതാണ്. രാഹുല്‍ ഗാന്ധി ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് മറുപടി പറയേണ്ട ബാധ്യത തെരഞ്ഞെടുപ്പ് കമ്മിഷനുണ്ട്.
ഇന്ത്യന്‍ ജനാധിപത്യ സംവിധാനത്തിന്റെ അടിക്കല്ല് എന്ന് പറയുന്നത് തെരഞ്ഞെടുപ്പാണ്. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞടുപ്പും ലോക്‌സഭാ തെരഞ്ഞെടുപ്പും നാല് മാസത്തെ വ്യത്യാസത്തിലാണ് നടന്നത്.
ഈ നാല് മാസത്തിനിടയില്‍ ഒരു കോടി പുതിയ വോട്ടര്‍മാര്‍ ലിസ്റ്റില്‍ വര്‍ധിക്കുകയുണ്ടായി. ആ വോട്ടുകളെല്ലാം ബി ജെ പിയിലേക്കാണ് പോവുകയും ചെയ്തത്. ഇത് സ്വാഭാവികമായി സംഭവിക്കുന്നതല്ല എന്ന് പ്രാഥമികമായി രാഷ്ട്രീയം നിരീക്ഷിക്കുന്നവര്‍ക്കറിയാം.
ഇതിനു ശേഷം, കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വിശദമായി വോട്ടര്‍ പട്ടിക പരിശോധിക്കാന്‍ തീരുമാനിച്ചു. അതിന് വേണ്ടി വോട്ടര്‍ പട്ടികയുടെ ഇ ഫയല്‍ ആവശ്യപ്പെട്ടെങ്കിലും പേപ്പറില്‍ പ്രിന്റ് നല്‍കുകയാണ് ചെയ്തത്.
ആ ഫിസിക്കല്‍ ഡോക്യുമെന്റ് ഉപയോഗിച്ച് ഏറെ സമയമെടുത്താണ് ഓരോ ഫോട്ടോകളും താരതമ്യം ചെയ്ത് വലിയ ക്രമക്കേടുകള്‍ കണ്ടെത്തിയത്.
പ്രലോഭനങ്ങളോ ഭീഷണിയോ ഇല്ലാതെ തെരഞ്ഞെടുപ്പു കമ്മിഷന്‍ പ്രവര്‍ത്തിച്ചെങ്കില്‍ മാത്രമേ ഇവിടെ സുതാര്യവും ജനാധിപത്യപരവുമായ തെരഞ്ഞെടുപ്പും ജനാഭിലാഷത്തോടെയുള്ള ഭരണകൂടവും നിലവില്‍ വരൂവെന്ന് ഇന്ത്യൻ ഇസ് ലാഹി സെൻറർ (ഐ.ഐ.സി) പ്രസിഡൻറ് യൂനുസ് സലീം, ജനറൽ സെക്രട്ടറി മനാഫ് മാത്തോട്ടം എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.