/sathyam/media/media_files/2025/09/07/62652-2025-09-07-20-55-09.jpg)
കുവൈറ്റ് സിറ്റി: ഇടുക്കി അസോസിയേഷൻ കുവൈറ്റ് സംഘടിപ്പിച്ച വിപുലമായ ഓണാഘോഷം ശ്രദ്ധേയമായി.
"ഒന്നിച്ചുണ്ണാം തിരുവോണം ഇടുക്കിയോടൊപ്പം" എന്ന പേരിലാണ് Zumrudaya പാലസ് ഹാളിൽ പരിപാടി സംഘടിപ്പിച്ചത്.
കേരളത്തിന്റെ ഐക്യവും സാംസ്കാരിക പൈതൃകവും വിളിച്ചോതുന്നതായിരുന്നു ആഘോഷങ്ങൾ.
ഐഎകെ ജനറൽ സെക്രട്ടറി ജോമോൻ പി. ജേക്കബ് എല്ലാവർക്കും സ്വാഗതം ആശംസിച്ചു.
കുവൈത്തിലെ സാമൂഹിക പ്രവർത്തകയായ ഹദീൽ അൽ ബുക്രൈസ് ഓണാഘോഷം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
തുടർന്ന്, ഐഎകെ പ്രസിഡന്റ് ബിനു ആഗ്നൽ ജോസ് അസോസിയേഷന്റെ പ്രവർത്തനങ്ങളെക്കുറിച്ചും ലക്ഷ്യങ്ങളെക്കുറിച്ചും സംസാരിച്ചു.
വിവിധ മേഖലകളിലെ പ്രമുഖരായ ജോയ് ആലുക്കാസ് കൺട്രി ഹെഡ് ഷിബിൻ പുതിയേടത്ത്, പാഡ്ര ഇന്റർനാഷണൽ മാർക്കറ്റിംഗ് മാനേജർ ഡയന അബുഷബാബ്, ബിഇസി എക്സ്ചേഞ്ച് ജനറൽ മാനേജർ മാത്യു വർഗീസ്, ഓണം കൺവീനർ ഷിജു ബാബു, വിമൻസ് ഫോറം ചെയർപേഴ്സൺ ഭവ്യ അനൂപ്, അഡ്വൈസറി ബോർഡ് ചെയർമാൻ എബിൻ തോമസ് എന്നിവർ ഓണാശംസകൾ നേർന്നു.
പ്രശസ്ത കലാകാരനായ രഞ്ജു ചാലക്കുടി, പ്രമുഖ ഗായകൻ മുബാറക് അൽ റഷീദ് എന്നിവരുടെ കലാപരിപാടികൾ ആഘോഷത്തിന് മാറ്റ് കൂട്ടി.
അസോസിയേഷൻ അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും അവതരിപ്പിച്ച വിവിധ കലാപരിപാടികളും ഓണാഘോഷത്തിന് മിഴിവേകി.
എക്സിക്യൂട്ടീവ് കമ്മിറ്റി, വിമൻസ് ഫോറം എക്സിക്യൂട്ടീവ് അംഗങ്ങൾ, ഓണം കമ്മിറ്റി എന്നിവർ സംയുക്തമായാണ് പരിപാടികൾ സംഘടിപ്പിച്ചത്. വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു. ട്രഷറർ ബിജു ജോസ് എല്ലാവർക്കും നന്ദി പറഞ്ഞ് പരിപാടി സമാപിച്ചു.