/sathyam/media/media_files/2025/03/01/7qIapmFqSin1FhxBN5Np.jpg)
കുവൈത്ത് സിറ്റി: മുഖ്യമന്ത്രി പിണറായി വിജയൻ നവംബർ 7-ന് നടത്തുന്ന കുവൈത്ത് സന്ദർശനത്തെ പ്രഹസനമായും പ്രവാസി വഞ്ചനയായും കണ്ട് കുവൈത്തിലെ യു.ഡി.എഫ് പോഷക സംഘടനകൾ സംയുക്തമായി നവംബർ 6 വ്യാഴാഴ്‌ച വഞ്ചനാദിനമായി ആചരിക്കും.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ പ്രവാസികൾക്കിടയിൽ സർക്കാരിന്റെ പ്രതിച്ഛായ നിർമ്മാണത്തിനു വേണ്ടിയുള്ള തിരക്കുപിടിച്ച നീക്കമാണിതെന്നാണ് യു.ഡി.എഫ് നേതൃത്വത്തിന്റെ ആരോപണം.
പ്രവാസി വിഷയങ്ങളിൽ വാഗ്ദാനങ്ങൾ പാലിക്കാതെ നിരന്തരം പറ്റിച്ചുകൊണ്ടിരിക്കുന്ന പിണറായി സർക്കാരിൻ്റെ നടപടികളോടുള്ള പ്രതിഷേധമാണ് വഞ്ചനാദിനം ആചരിക്കുന്നതിലൂടെ യു.ഡി.എഫ് ലക്ഷ്യമിടുന്നത്.
കോവിഡ് ലോക്ക്ഡൗണിനെത്തുടർന്ന് ഗൾഫ് വിമാനത്താവളങ്ങൾ അടച്ചിട്ട സമയത്ത് നാട്ടിലെത്തുന്ന പ്രവാസികൾക്ക് ആറുമാസം സർക്കാർ ശമ്പളം നൽകുമെന്ന വാഗ്ദാനം മുഖ്യമന്ത്രി പിണറായി വിജയൻ പതിവായി നടത്തിയിരുന്ന സായാഹ്ന പത്രസമ്മേളനത്തിൽ നൽകിയിരുന്നു.
എന്നാൽ, നിയന്ത്രണങ്ങൾ ലഘൂകരിച്ച് വിമാനത്താവളങ്ങൾ ഭാഗികമായി തുറക്കുകയും പ്രവാസികൾ നാട്ടിലെത്തിത്തുടങ്ങുകയും ചെയ്തതോടെ ആറുമാസത്തെ ശമ്പളക്കാര്യം ഭരണകൂടം മറന്നു എന്ന് മാത്രമല്ല; ഇവരെ രോഗവാഹകരെന്ന് പ്രചരിപ്പിച്ച് കടുത്ത മാനസിക പീഡനം ഏൽപ്പിക്കുകയാണ് ചെയ്തതെന്നും യു.ഡി.എഫ് നേതാക്കൾ കുറ്റപ്പെടുത്തുന്നു.
ഇത്തരത്തിൽ നിർണ്ണായക ഘട്ടത്തിൽ പ്രവാസികളെ മറന്ന മുഖ്യമന്ത്രിയുടെ സന്ദർശനത്തിൽ പ്രതിഷേധിച്ചാണ് കുവൈത്തിലെ യു.ഡി.എഫ് പോഷക സംഘടനകൾ സംയുക്തമായി നവംബർ 6 വ്യാഴാഴ്‌ച വൈകിട്ട് 6 മണിക്ക് വഞ്ചനാദിനം ആചരിക്കുന്നത്. എന്ന് ഭാരവാഹികൾ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us