/sathyam/media/media_files/dY8oqbXCWTZRjnnZxnl3.jpg)
കുവൈത്ത് സിറ്റി: അപ്രതീക്ഷിതമായിരുന്നു കുവൈത്തിലെ മംഗഫിലുണ്ടായ തീപിടിത്തം. 40-ലധികം പേര്‍ മരിച്ചു. അതില്‍ അധികവും ഇന്ത്യക്കാരായിരുന്നു. പ്രത്യേകിച്ചും മലയാളികള്‍. അപ്രതീക്ഷിത ദുരന്തത്തില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടതിന്റെ തീരാവേദനയിലാണ് അവരുടെ കുടുംബങ്ങള്‍. ജീവിതം കരുപിടിപ്പിക്കാന്‍ പ്രവാസത്തിലേക്ക് ചേക്കേറിയവരാണ് തീരാവേദന സമ്മാനിച്ച് യാത്രയാകുന്നത്. പല കുടുംബങ്ങളുടെയും വരുമാന മാര്‍ഗവും ഇതോടൊപ്പം അസ്തമിച്ചു.
പുതിയതായി പണിത വീട്ടില്‍ താമസിക്കാന്‍ പറ്റാത്തവരും, പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് വരാന്‍ തയ്യാറായവരും, അടുത്തിടെ മാത്രം കുവൈത്തിലേക്ക് പോയവരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ വേദനയ്ക്ക് പരിഹാരമില്ലെങ്കിലും കഴിയുന്ന സഹായങ്ങള്‍ നല്‍കി ചേര്‍ത്തുപിടിക്കാന്‍ ശ്രമിക്കുകയാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍. ഒപ്പം വ്യവസായികളായ എം.എ. യൂസഫലിയും, രവി പിള്ളയും.
ദുരന്തവാര്‍ത്ത അറിഞ്ഞ ഉടന്‍ തന്നെ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഒപ്പം മൃതദേഹങ്ങള്‍ ഉടന്‍ നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഏകോപിപ്പിക്കാന്‍ വിദേശകാര്യസഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിംഗ് കുവൈത്തിലെത്തുകയും ചെയ്തു. മൃതദേഹം എത്രയും വേഗം ഒന്നിച്ചെത്തിക്കാനാണ് നീക്കം. ദൗത്യത്തില്‍ വ്യോമസേനയും ഭാഗമാകും.
മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഇന്ന് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിരുന്നു. പരിക്കേറ്റ മലയാളികള്‍ക്ക് ഒരു ലക്ഷം രൂപ വീതം നല്‍കാനും ഇന്ന് ചേര്‍ന്ന പ്രത്യേക മന്ത്രി സഭായോഗം തീരുമാനിച്ചു.
ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് അടിയന്തിരമായി കുവൈത്തിലേക്ക് യാത്ര തിരിക്കും. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ (എന്‍എച്ച്എം) ജീവന്‍ ബാബു അനുഗമിക്കും. പരിക്കേറ്റ മലയാളികളുടെ ചികിത്സ, മരണമടഞ്ഞവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായാണ് ഇവര്‍ കുവൈത്തില്‍ എത്തുന്നത്.
മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്കാൻ പ്രമുഖ പ്രവാസി മലയാളി വ്യവസായികളും സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. അഞ്ച് ലക്ഷം രൂപ വീതം സഹായം നല്‍കാം എന്ന് വ്യവസായി യൂസഫലിയും രണ്ട് ലക്ഷം രൂപ വീതം സഹായം നല്‍കാം എന്ന് വ്യവസായി രവിപിള്ളയും അറിയിച്ചു.
മംഗഫിലെ എന്‍ബിടിസി സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കമ്പനിയും ധനസഹായം പ്രഖ്യാപിച്ചു. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് എട്ട് ലക്ഷം രൂപ ധനസഹായം നല്‍കുമെന്നാണ് എന്‍ബിടിസി വ്യക്തമാക്കിയത്.
മൃതദേഹങ്ങള്‍ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാന്‍ സര്‍ക്കാരുകളോടും എംബസികളോടും ചേര്‍ന്ന് പ്രവര്‍ത്തിക്കും. മരണപ്പെട്ടവരുടെ കുടുംബങ്ങളുടെ മറ്റ് ആവശ്യങ്ങളിലും കൂടെയുണ്ടാകുമെന്നും കമ്പനി അറിയിച്ചു.
ഇന്‍ഷുറന്‍സ് പരിരക്ഷയുടെ തുക, മറ്റ് ആനുകൂല്യങ്ങള്‍, ആശ്രിതര്‍ക്ക് ജോലി എന്നിവ നിര്‍വഹിക്കും. മൃതദേഹം നാട്ടിലെത്തിക്കുന്നതിനു വേണ്ട ചെലവ് വഹിക്കുമെന്നും കമ്പനി അറിയിച്ചു. ഇതുവരെ ആകെ 22 ലക്ഷം രൂപയുടെ ധനസഹായമാണ് മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് പ്രഖ്യാപിച്ചിട്ടുള്ളത്.
ഇതിന് പിന്നാലെ കുവൈത്ത് അമീര്‍ ഷെയ്ഖ് മിഷേൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. മരണപ്പെട്ടവരുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ വിമാനം സജ്ജീകരിക്കാനും അമീര്‍ നിര്‍ദ്ദേശിച്ചു. രക്ഷാപ്രവര്‍ത്തനത്തിലടക്കം സത്വര നടപടി സ്വീകരിച്ച കുവൈത്ത് സര്‍ക്കാരിന്റെ ഇടപെടലുകള്‍ക്ക് പ്രവാസ ലോകത്തും കൈയ്യടി നേടുകയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us