കുവൈറ്റിലെ ദുരന്തമുഖത്തെ സന്നദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ രാഷ്ട്രീയ മുതലെടുപ്പിന് നീക്കമെന്ന് വിവാദം; 49 പേരുടെ മരണങ്ങളുടെ പുകമായും മുന്‍പ് പ്രവാസലോകത്ത് തനിരൂപം പുറത്തെടുത്ത് രാഷ്ട്രീയ വിവാദം !

ദുരന്ത മേഖലയില്‍ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയവരെ അനുമോദിച്ച് കുവൈറ്റ് അധികൃതര്‍ നല്‍കിയ പ്രശംസാ പത്രം കാണിച്ച് ഇത് ചില സംഘടനകള്‍ക്ക് കിട്ടിയ അനുമോദനമാണെന്ന അവകാശവുമായി സംഘടനകള്‍ രംഗത്തിറങ്ങിയതാണ് വിവാദം

New Update
Mangaf fire

കുവൈറ്റ്: ദുരന്തമുഖത്തെ സന്നദ്ധ പ്രവര്‍ത്തനങ്ങളുടെ മറവില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നതിനെതിരെ കുവൈറ്റിലെ സംഘടനകളുടെ പേരില്‍ വിവാദം.

Advertisment

കഴിഞ്ഞ ദിവസം മംഗഫിലെ ലേബര്‍ ക്യാമ്പില്‍ 49 പ്രവാസി യുവാക്കള്‍ വെന്ത് മരിച്ചതിന്‍റെ കണ്ണീര്‍ തോരും മുമ്പ് ദുരന്തമുഖത്ത് നടത്തിയ സന്നദ്ധ സേവാ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ചില കേന്ദ്രങ്ങള്‍ മുതലെടുപ്പിന് തുനിഞ്ഞതാണ് വിവാദമായത്.

ദുരന്തമുണ്ടായ വാര്‍ത്ത പുറത്തുവന്ന ഉടന്‍ കക്ഷിരാഷ്ട്രീയ സംഘടനാ ഭേദമന്യേ നിരവധി ആളുകളാണ് രാപകല്‍ മംഗഫില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി മുന്നിട്ടിറങ്ങിയത്. പരിക്കേറ്റവരെ ആശുപത്രിയിലാക്കുന്നതിനും മരിച്ചവരെ തിരിച്ചറിയുന്നതിനും അവരുടെ ബന്ധുക്കളെ വിവരം അറിയിക്കുന്നതിനും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനുമായി ഊണും ഉറക്കവും ഉപേക്ഷിച്ചാണ് മലയാളി സാമൂഹ്യപ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയത്.

 അപകട ശേഷം മിന്നല്‍ വേഗത്തില്‍ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിന് കേന്ദ്ര സഹമന്ത്രി ഉള്‍പ്പെടെയുള്ള ടീം നേരിട്ട് നിന്ന് നേതൃത്വം നല്‍കിയതോടെ നടപടിക്രമങ്ങള്‍ ശരവേഗത്തിലായി. അതുവരെയുള്ള കാര്യങ്ങളെല്ലാം പ്രശംസനീയമായ നിലയില്‍ തന്നെ നടന്നു.

എന്നാല്‍ ദുരന്തമുഖത്തെ പ്രവര്‍ത്തനങ്ങള്‍ അവസാനിച്ചതോടെ മലയാളി പ്രവാസലോകത്തും തനിസ്വഭാവം കാണിച്ചു. ദുരന്ത മേഖലയില്‍ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയവരെ അനുമോദിച്ച് കുവൈറ്റ് അധികൃതര്‍ നല്‍കിയ പ്രശംസാ പത്രം കാണിച്ച് ഇത് ചില സംഘടനകള്‍ക്ക് കിട്ടിയ അനുമോദനമാണെന്ന അവകാശവുമായി സംഘടനകള്‍ രംഗത്തിറങ്ങിയതാണ് വിവാദം.

ഈ സംഘടനകളിലെ അംഗങ്ങളും തീപിടിത്തമുണ്ടായ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും അവര്‍ക്ക് പ്രശംസാ പത്രം ലഭിക്കുകയും ചെയ്തിട്ടുണ്ട്. അത് സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള വ്യക്തിപരമായ അംഗീകാരങ്ങളായിരുന്നു. വ്യക്തികളെയാണ് അധികൃതര്‍ അംഗീകരിച്ചത്, അല്ലാതെ സംഘടനകളെയല്ല. അതിനാലാണ് ഇതിന്‍റെ പേരില്‍ സംഘടനകള്‍ മുതലെടുപ്പിനിറങ്ങിയതിനെതിരെ വിവാദം ഉയര്‍ന്നത്.

സംഘടനാ ഭാരവാഹികളായവര്‍ക്ക് അംഗീകാരം ലഭിച്ചിട്ടുണ്ടെങ്കിലും അത് അവരുടെ സംഘടനയുടെ പേരില്‍ നല്‍കിയതല്ലെന്ന് തിരിച്ചറിയാനുള്ള വിവേകം ചിലര്‍ക്കെങ്കിലും ഇല്ലാതെപോയി. കഴിഞ്ഞ ദിവസം വരെ തങ്ങള്‍ക്കൊപ്പം നിന്ന് ജോലി ചെയ്ത 49 പേര്‍ നേരം ഇരുട്ടി വെളുത്തപ്പോള്‍ ഒപ്പമില്ലെന്ന തിരിച്ചറിവ് ഇവര്‍ മറക്കാതിരുന്നാല്‍ നന്നായിരുന്നു. അതിനപ്പുറം ഒന്നുമല്ല രാഷ്ട്രീയം എന്നും !

Advertisment