കുവൈത്ത് സിറ്റി: സമ്മര്‍ സീസണില്‍ കുവൈത്ത് എയര്‍വേയ്‌സ് യൂറോപ്പിലേക്ക് കൂടുതല്‍ സര്‍വീസ് നടത്തും. ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവിലാണ് യൂറോപ്പിലെ കൂടുതല്‍ കേന്ദ്രങ്ങളിലേക്ക് സര്‍വീസ് വിപുലീകരിച്ചത്.
ആംസ്റ്റര്‍ഡാം, വിയന്ന, ജനീവ, ലണ്ടന്‍ തുടങ്ങി ഉയര്‍ന്ന ഡിമാന്‍ഡുള്ള നഗരങ്ങളിലേക്ക് യാത്രക്കാരുടെ വര്‍ധനവ് കണക്കിലെടുത്ത് അധിക സര്‍വീസ് നടത്തുമെന്ന് ചെയര്‍മാന്‍ അബ്ദുൽ മോഹ്‌സെൻ അൽ ഫഗാൻ പറഞ്ഞു.
അൻ്റാലിയ, ബോഡ്രം, ട്രാബ്സൺ, ഷാം അൽ ഷൈഖ്, മലാഗ, നൈസ് എന്നിവയും പ്രധാന സമ്മര്‍ കേന്ദ്രങ്ങളാണ്. ആഴ്ചയില്‍ ഒന്നിലധികം ഫ്ലൈറ്റുകൾ പ്രധാന കേന്ദ്രങ്ങളിലേക്ക് ഉണ്ടാകും.
യാത്രക്കാർക്ക് മെച്ചപ്പെട്ട സേവനങ്ങൾ വാഗ്ദാനം ചെയ്ത് യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള വിമാനങ്ങൾക്കായി ബോയിംഗ് 777-300 വിമാനങ്ങൾ അവതരിപ്പിക്കാൻ എയർലൈൻ പദ്ധതിയിടുന്നു. പതിവ് സേവനങ്ങൾക്ക് പുറമേ മൊത്തം 54 അധിക വിമാനങ്ങള്‍ ഉള്‍പ്പെടെ കുവൈത്ത് എയർവേയ്‌സ് വേനൽക്കാലത്ത് വിപുലമായ യാത്രാ ഓപ്‌ഷനുകൾ നൽകാനാണ് ലക്ഷ്യമിടുന്നത്.