കുവൈത്ത് സിറ്റി: 51 കുവൈത്ത്-ടിവി ആപ്പ് ഇൻഫർമേഷൻ ആൻഡ് കൾച്ചർ മന്ത്രി അബ്ദുൽറഹ്മാൻ അൽ മുതൈരി ഔദ്യോഗികമായി പുറത്തിറക്കി. കുവൈത്ത് ടിവി, റേഡിയോ ചാനലുകളും ആർക്കൈവൽ മീഡിയ ഉള്ളടക്കവും ഉപയോക്താക്കൾക്ക് ഇതുവഴി ലഭിക്കും.
എക്‌സിക്യൂട്ടീവ് ബോഡിയിൽ നിന്ന് റെഗുലേറ്ററി ബോഡിയിലേക്ക് റിസോഴ്‌സുകള്‍ മാറ്റുന്നതിനും വരുമാനം വർദ്ധിപ്പിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമുള്ള നീക്കത്തിന്റെ ഭാഗമായാണ് സ്വകാര്യമേഖലയുമായി സഹകരിച്ച് മന്ത്രാലയം ഈ നടപടി സ്വീകരിച്ചതെന്ന് മന്ത്രി പറഞ്ഞു.
കുവൈത്ത് റേഡിയോ സംപ്രേക്ഷണം ചെയ്തതിൻ്റെ (1951 മെയ് 12) 73-ാം വാർഷികത്തിലാണ് ഈ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമും ആരംഭിച്ചത്. പുതിയ ആപ്പ് സമാരംഭിക്കുന്നതിലൂടെ, ഈ മേഖലയിലെ സാങ്കേതിക വികാസങ്ങളോടൊപ്പം വേഗത നിലനിർത്താനാണ് മന്ത്രാലയം ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പ്ലാറ്റ്‌ഫോം സുരക്ഷിതവും കുടുംബ സൗഹൃദവുമാകുമെന്നും സമൂഹത്തിൻ്റെ മൂല്യങ്ങൾ സംരക്ഷിക്കാനും വ്യത്യസ്ത അഭിരുചികൾക്ക് അനുയോജ്യമായ എല്ലാ ക്രിയാത്മക ആശയങ്ങളും ഉൾക്കൊള്ളാനും സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.
51 കുവൈത്ത്-ടിവി ആപ്പ് എല്ലാ കുവൈത്ത് റേഡിയോ സ്റ്റേഷനുകളുടെയും ടിവി ചാനലുകളുടെയും തത്സമയ സ്ട്രീമിംഗും കുവൈത്ത് ചാനലുകളിൽ കാണിക്കുന്ന ആർക്കൈവൽ ടിവി സീരീസിനും പ്രോഗ്രാമുകൾക്കുമുള്ള വീഡിയോ ഓൺ ഡിമാൻഡ് സേവനങ്ങളും വാഗ്ദാനം ചെയ്യുന്നു