കുവൈത്ത് സിറ്റി: കുവൈത്ത് ഗതാഗതമന്ത്രാലയം വാഹനപരിശോധന ശക്തമാക്കി. ഇന്‍ഷുറന്‍സ്, ലൈസന്‍സ് കാലാവധി കഴിഞ്ഞ വാഹനങ്ങളെ കണ്ടെത്തുന്നതിന് വേണ്ടിയാണ് പ്രധാനമായും പരിശോധന നടത്തുന്നത്. ഇത്തരം വാഹനങ്ങള്‍ കസ്റ്റഡിയിലെടുക്കണമെന്നാണ് ആഭ്യന്തര മന്ത്രാലയം ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് അഫയേഴ്‌സ് അസിസ്റ്റൻ്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ യൂസഫ് അൽ ഖദ്ദയുടെ നിര്‍ദ്ദേശം.
ക്യാമറകള്‍ പ്രയോജനപ്പെടുത്തിയും മറ്റും ഇത്തരം വാഹനങ്ങള്‍ കണ്ടെത്തും. അടുത്തിടെ ഇത്തരത്തില്‍ 176 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തിരുന്നു. ഗതാഗത തിരക്ക് നിയന്ത്രിക്കുക, ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവരെ പിടികൂടുക എന്നീ ലക്ഷ്യങ്ങളോടെ വ്യാപക പരിശോധനയാണ് നടത്തുന്നത്. കഴിഞ്ഞ ദിവസം നടന്ന പരിശോധനയില്‍ 31086 നിയമലംഘനങ്ങള്‍ കണ്ടെത്തി.
അമിതവേഗതയില്‍ വാഹനം ഓടിച്ച 43 പേര്‍ക്കെതിരെയും കേസെടുത്തു. ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ച പ്രായപൂര്‍ത്തിയാകാത്ത 18 പേരെ പ്രോസിക്യൂഷന് കൈമാറി. ക്യാപിറ്റല്‍ ഗവര്‍ണറേറ്റിലാണ് ഏറ്റവും കൂടുതല്‍ നിയമലംഘനങ്ങള്‍ രേഖപ്പെടുത്തിയത്.