കുവൈത്തിലെ തീപിടിത്തം; മരിച്ച ഇന്ത്യക്കാരനെ ഡിഎന്‍എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു

മംഗഫിൽ എൻ.ബി.ടി.സി താമസ കേന്ദ്രത്തിലുണ്ടായ അഗ്നിബാധയിൽ മരണപ്പെട്ട ജീവനക്കാരൻ ബീഹാർ ദർബംഗ സ്വദേശിയായ കലുക്ക (32) ആണെന്ന് ഡി.എൻ.എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു

New Update
kaluka bihar

കുവൈത്ത് സിറ്റി : മംഗഫിൽ എൻ.ബി.ടി.സി താമസ കേന്ദ്രത്തിലുണ്ടായ അഗ്നിബാധയിൽ മരണപ്പെട്ട ജീവനക്കാരൻ ബീഹാർ ദർബംഗ സ്വദേശിയായ കലുക്ക (32) ആണെന്ന് ഡി.എൻ.എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. ഡി.എൻ.എ പരിശോധന നടപടിക്രമങ്ങൾക്ക് വേണ്ടി സഹോദരൻ ഷാരൂഖ് ഖാനെ കഴിഞ്ഞ ദിവസം എൻ.ബി.ടി.സി അധികൃതർ കുവൈത്തിലെത്തിച്ചിരുന്നു.

Advertisment

കഴിഞ്ഞ ഏഴ് വർഷമായി എൻ.ബി.ടി.സിയിൽ ജീവനക്കാരനായിരുന്ന കലുക്ക നിലവിൽ എൻ.ബി.ടി.സി ഹൈവേ സെൻറ്ററിൽ സെയിൽസ്മാനായി ജോലി ചെയ്ത് വരികയായിരുന്നു. നടപടികൾ പൂർത്തിയാക്കി മൃതദേഹം ഇന്ന് (തിങ്കളാഴ്ച) രാത്രീയോടെ നാട്ടിലേക്കയക്കുമെന്ന് എൻ.ബി.ടി.സി എച്ച്. ആർ & അഡ്മിൻ കോർപ്പറേറ്റ് ജനറൽ മാനേജർ മനോജ് നന്തിയാലത്ത് അറിയിച്ചു.

ഇന്ന് വൈകീട്ട് 8.15-നുള്ള എയർ ഇന്ത്യ വിമാനത്തിൽ മുംബൈ വഴി പട്‌നയിലേക്ക് മൃതദേഹം എത്തിക്കും. കലുക്കയുടെ സഹോദരനും ഇതേ വിമാനത്തിൽ മൃതദേഹത്തോടൊപ്പം അനുഗമിക്കാനുള്ള സൗകര്യങ്ങളും ഏർപ്പെടുത്തിയതായി എൻ.ബി.ടി.സി അറിയിച്ചു.

അതോടൊപ്പം, മരിച്ച ജീവനക്കാരുടെ കുടുംബങ്ങൾക്കുള്ള എൻ.ബി.ടി.സി അടിയന്തിര ധനസഹായമായ 8 ലക്ഷം രൂപ കലുക്കയുടെ കുടുംബത്തിന് നാളെ തന്നെ കൈമാറും. കൂടാതെ, സംസ്‌കാരച്ചടങ്ങുകള്‍ക്കാവശ്യമായ തുകയും എന്‍ടിബിസി കലുക്കയുടെ സഹോദരന് കൈമാറി. 

മംഗഫിലെ തീപിടിത്തത്തില്‍ മരിച്ച മുഴുവന്‍ പേരുടെയും കുടുംബത്തിന് അടിയന്തിര ധനസഹായമായ എട്ട് ലക്ഷം രൂപയും കൂടാതെ സംസ്‌കാരച്ചടങ്ങുകള്‍ക്കായി 25,000 രൂപ വിതരണം ചെയ്തതിന്റെ വിശദാംശങ്ങള്‍ കുവൈത്തിലെ ഇന്ത്യന്‍ എംബസിക്ക് കൈമാറിയതായും എന്‍ബിടിസി അറിയിച്ചു. 

തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന മൂന്ന് ജീവനക്കാരുള്‍പ്പെടെ ആറു ജീവനക്കാരാണ് നിലവില്‍ ആശുപത്രിയിലുള്ളത്.

Advertisment