മംഗഫിലെ തീപിടിത്തം; കുവൈത്തില്‍ പ്രവാസി തൊഴിലാളികള്‍ക്കായുള്ള പാര്‍പ്പിട കേന്ദ്രങ്ങള്‍ തുടങ്ങണമെന്ന് ആവശ്യം

കുവൈത്തില്‍ ബാച്ചിലർ പ്രവാസി തൊഴിലാളികളുടെ പാർപ്പിട ആവശ്യങ്ങൾ പരിഹരിക്കുന്നതിനും റെസിഡൻഷ്യൽ ഏരിയകളിലെ തിരക്ക് ലഘൂകരിക്കുന്നതിനുമുള്ള അടിയന്തര നടപടികള്‍ കൈക്കൊള്ളണമെന്ന് ആവശ്യം

New Update
Mangaf fire 1.

കുവൈത്ത് സിറ്റി: കുവൈത്തില്‍ ബാച്ചിലർ പ്രവാസി തൊഴിലാളികളുടെ പാർപ്പിട ആവശ്യങ്ങൾ പരിഹരിക്കുന്നതിനും റെസിഡൻഷ്യൽ ഏരിയകളിലെ തിരക്ക് ലഘൂകരിക്കുന്നതിനുമുള്ള അടിയന്തര നടപടികള്‍ കൈക്കൊള്ളണമെന്ന് ആവശ്യം. മംഗഫിലെ തീപിടിത്തത്തിന്റെ പശ്ചാത്തലത്തിലാണ് ആഹ്വാനം ശക്തമാകുന്നതെന്ന് പ്രാദേശികമാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

തൊഴിലാളികൾക്ക് മതിയായ ജീവിത സാഹചര്യങ്ങൾ, അവശ്യ സേവനങ്ങൾ, വിനോദ സൗകര്യങ്ങൾ എന്നിവ നൽകുന്നതിന് കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനെക്കുറിച്ച് നേരത്തെ അധികാരികള്‍ വ്യക്തമാക്കിയിട്ടുണ്ട്. മൂന്ന് വർഷം മുമ്പ് പൊതുമരാമത്ത് മന്ത്രാലയവും മറ്റ് ബന്ധപ്പെട്ട ഏജൻസികളും പ്രാരംഭ പദ്ധതികൾ തയ്യാറാക്കിയിരുന്നു.

Advertisment

ആരോഗ്യ സംരക്ഷണം, സുരക്ഷ, വിനോദ സൗകര്യങ്ങൾ എന്നിവയുൾപ്പെടുന്ന തൊഴിലാളി നഗരങ്ങൾക്കായുള്ള പദ്ധതികൾ നേരത്തെ തയ്യാറായിരുന്നു. ജനസാന്ദ്രതയുള്ള റസിഡൻഷ്യൽ ഏരിയകളിൽ നിന്ന് ബാച്ചിലർ തൊഴിലാളികളെ മാറ്റിപ്പാർപ്പിക്കാനും അവരുടെ ജീവിതനിലവാരം ഉയർത്താനുമാണ് ലക്ഷ്യമിടുന്നത്. വിവിധ ഗവര്‍ണറേറ്റുകളില്‍ ഇതിനായി സ്ഥലം കണ്ടുവച്ചെങ്കിലും നിര്‍മ്മാണം ആരംഭിച്ചിട്ടില്ല.

ദക്ഷിണ ജഹ്‌റയിൽ 1,015,000 ചതുരശ്ര മീറ്ററിൽ പരന്നുകിടക്കുന്ന ആദ്യത്തെ ലേബർ സിറ്റി പദ്ധതിയുടെ തുടക്കം കുവൈത്ത് മുനിസിപ്പാലിറ്റി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. പൊതു-സ്വകാര്യ പങ്കാളിത്ത നിക്ഷേപത്തിനായി സജ്ജമാക്കിയിരിക്കുന്ന ഈ പ്രോജക്റ്റിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 20,000 ബാച്ചിലർ തൊഴിലാളികളെ ഉൾക്കൊള്ളാൻ കഴിയും.

കടകൾ, പള്ളികൾ, കളിസ്ഥലങ്ങൾ, മെഡിക്കൽ ക്ലിനിക്കുകൾ എന്നിവയ്‌ക്കൊപ്പം പാർപ്പിട സമുച്ചയങ്ങളും ഇതിൽ ഉൾപ്പെടും. പാർപ്പിട പ്രദേശങ്ങളിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനും മൊത്തത്തിലുള്ള പൊതു സേവനങ്ങൾ വർദ്ധിപ്പിക്കുന്നതിനും ഇത്തരം പദ്ധതികള്‍ നിര്‍ണായകമാണ്.

Advertisment