/sathyam/media/media_files/UsUFeDovki7s6WpQtocg.jpg)
കുവൈത്ത് സിറ്റി: ജൂലായ് 14 മുതൽ സെപ്തംബർ 12 വരെ സ്വകാര്യ മേഖലയിലേക്ക് മാറുന്നതിന് ഗാര്‍ഹിക തൊഴിലാളികളെ അനുവദിച്ചുകൊണ്ടുള്ള പ്രഥമ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസഫിൻ്റെ തീരുമാനം ഗാര്‍ഹിക തൊഴിലാളികള്‍ അനധികൃതമായി സ്വകാര്യ മേഖലയിലേക്ക് മാറുന്നത് തടയാൻ സഹായിക്കുമെന്ന് 'ഡൊമസ്റ്റിക് വര്‍ക്കേഴ്‌സ് അഫയേഴ്‌സ് സ്‌പെഷ്യലിസ്റ്റാ'യ ബസ്സാം അൽ ഷമ്മരി പറഞ്ഞു. പ്രാദേശികമാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
റെസിഡൻസി, ഗാർഹിക തൊഴിൽ നിയമങ്ങളുമായി ബന്ധപ്പെട്ട 30 ശതമാനം കേസുകളും ഗാര്‍ഹിക തൊഴിലാളികള്‍ സ്‌പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടുന്നതുമായി ബന്ധപ്പെട്ടുള്ളതാണെന്ന് മാന്‍പവര്‍ അതോറിറ്റിയുടെ കണക്കുകള്‍ ചൂണ്ടിക്കാട്ടി അല്‍ ഷമ്മരി പറഞ്ഞു.
രണ്ട് മാസം മാത്രമാണ് കാലയളവെങ്കിലും പുതിയ തീരുമാനം നൂറുകണക്കിന് തൊഴിലാളികള്‍ക്ക് പ്രയോജനപ്പെടുമെന്നും, സമയപരിധി നീട്ടുന്നത് അധികൃതര്‍ പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കുവൈത്തില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് വിസ മാറ്റം അനുവദിക്കുന്നതിന് ചില വ്യവസ്ഥകളും നേരത്തെ പുറപ്പെടുവിച്ചിരുന്നു. തൊഴിലുടമയുടെ അംഗീകാരം, നിലവിലെ തൊഴിലുടമയുടെ കീഴില്‍ ഒരു വര്‍ഷം ജോലി പൂര്‍ത്തിയാക്കണം എന്നിവ വ്യവസ്ഥകളിലുണ്ട്. 50 കെ.ഡി ട്രാന്‍സ്ഫര്‍ ഫീസും, 10 കെ.ഡിയും പ്രതിവര്‍ഷം അധികമായി ഈടാക്കും.
ജൂലൈ 14 മുതല്‍ സെപ്റ്റംബര്‍ 12 വരെയുള്ള കാലയളവില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് സ്വകാര്യ മേഖലയിലേക്ക് വിസ മാറുന്നതിന് അപേക്ഷിക്കാം.