കുവൈത്ത്: മേപ്പാടി ചൂരൽമലയിലും മുണ്ടക്കൈ ടൗണിലും ഉൾപ്പെടെ കേരളത്തിലെ വിവിധ സ്ഥലങ്ങളിലുണ്ടായ വൻ ഉരുൾപൊട്ടലിൽ കുവൈറ്റ് കേരള ഇസ്‌ലാഹി സെന്റർ ദു:ഖം രേഖപ്പെടുത്തി.
നിരവധി പേര്‍ മരിച്ചു. ഒട്ടനവധി വീടുകൾ ഒലിച്ച് പോകുകയും നിരവധി പേർ ഇപ്പോഴും മണ്ണിനടിയിയിൽ അകപ്പെട്ടുകിടക്കുകയുമാണ്. മൃതദേഹങ്ങൾ നദിയിലൂടെ ഒഴുകി വരുന്ന ദയനീയ കാഴ്ചകൾ വല്ലാതെ അസ്വസ്ഥപ്പെടുത്തുന്നതാണെന്ന് സംഘടന വ്യക്തമാക്കി.
മഴ ശക്തമായിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ഈ പ്രദേശങ്ങളിൽ പ്രയാസപ്പെടുന്നവരെ സഹായിക്കാൻ വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ നടക്കുന്ന ദുരിതാശ്വാസ പ്രവർത്തനത്തിൽ ഇസ്‌ലാഹി സെന്ററും പങ്കുചേരാൻ തീരുമാനിച്ചതായി സെക്രട്ടറിയേറ്റ് ഭാരവാഹികൾ പത്ര കുറിപ്പിൽ അറിയിച്ചു.
വെള്ളം കയറി വീടുകളിൽ താമസിക്കാൻ പറ്റാത്തവർ, മഴ കാരണം ജോലിക്ക് പോകാൻ സാധിക്കാത്തവർ, അപകടം സംഭവിച്ചവർ,മറ്റു ദുരിതം അനുഭവിക്കുന്നവർ , ചികിത്സ വേണ്ടവർ എന്നിവർക്കൊക്കെ ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കാൻ വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ്റെ നേതൃത്വത്തിൽ നടക്കുന്ന പ്രവർത്തനത്തിൽ കുവൈറ്റ് കേരള ഇസ്ലാഹി സെന്ററും പങ്കാളിയാവും.
മരണപ്പെട്ടവരുടേയും ദുരിതമനുഭവിക്കുന്ന എല്ലാവരുടെയും ദു:ഖത്തിൽ പങ്കു ചേരുന്നതോടൊപ്പം അവർക്ക് വേണ്ടി പ്രാർത്ഥിക്കുവാനും സഹായ സഹകരണങ്ങൾ നൽകുവാനും സെൻറർ ആഹ്വാനം ചെയ്തു.
ഇതിൻ്റെ ഭാഗമായി സെന്റർ അടിയന്തിര സഹായമായി അഞ്ച് ലക്ഷം രൂപ വിസ്ഡം കമ്മിറ്റിയെ ഏൽപ്പിക്കാൻ തീരുമാനിച്ചതായി പത്രകുറിപ്പിൽ അറിയിച്ചു.