കുവൈത്ത് സിറ്റി: സഹപ്രവര്‍ത്തകന് സിവില്‍ ഐഡിയുടെ കോപ്പി നല്‍കിയത് മൂലം കുവൈത്തില്‍ നിയമക്കുരുക്കില്‍പെട്ട് പാലാ സ്വദേശി. കോട്ടയം പാലാ സ്വദേശി തോമസ് ജോസഫാണ് നിയമക്കുരുക്കില്‍ അകപ്പെട്ടത്.
സമാന പേരുള്ള മലയാളി സുഹൃത്തിനാണ് തോമസിന്റെസിവില്‍ ഐഡിയുടെ കോപ്പി സഹപ്രവര്‍ത്തകന്‍ നല്‍കിയത്. ഇതോടെ സാമ്പത്തിക-ക്രിമിനല്‍ കേസുകള്‍ നേരിടേണ്ടി വന്ന തോമസിന് കസ്റ്റഡിയില്‍ കഴിയേണ്ടി വന്നു. നിലവില്‍ നാട്ടിലേക്ക് വരാന്‍ കഴിയാതെ യാത്രാവിലക്ക് നേരിടുകയാണ് ഈ പാലാ സ്വദേശി.
2020ലാണ് സംഭവങ്ങളുടെ തുടക്കം. യൂസ്ഡ് കമ്പ്യൂട്ടര്‍ വാങ്ങാന്‍ ഗേറ്റ് പാസ് ഉണ്ടാക്കുന്നതിന് വേണ്ടിയാണ് സുഹൃത്ത് തോമസിന്റെ സിവില്‍ ഐഡിയുടെ കോപ്പി നല്‍കിയത്.
വാട്‌സാപ്പ് വഴിയാണ് ഐഡിയുടെ കോപ്പി നല്‍കിയത്. ഇദ്ദേഹം ജോലി ചെയ്യുന്ന ചെയ്യുന്ന കമ്പനിയുടെ സമാന പേരുള്ള മറ്റൊരു കമ്പനിയിലെ തോമസ് ഉള്‍പ്പെട്ട കേസിലാണ് പാലാ സ്വദേശിയും അകപ്പെട്ടത്.
ഇതില്‍ തോമസ് ജോസഫിന്റെ സിവില്‍ ഐഡിയുടെ കോപ്പി അറ്റാച്ച് ചെയ്തതാണ് ഇദ്ദേഹത്തിന് വിനയായത്. വ്യാജരേഖകള്‍ ഉപയോഗിച്ച് 1.2 ലക്ഷം ദിനാര്‍ തട്ടിയെടുത്തുവെന്ന കേസില്‍ ഇതോടെ തോമസും ഉള്‍പ്പെട്ടു. കുവൈത്ത് പൗരനാണ് കേസ് നല്‍കിയത്. ഇതിനിടെ തട്ടിപ്പ് നടത്തിയ തോമസ് രാജ്യം വിടുകയും ചെയ്തു.
തോമസ് ജോസഫിന്റെ കമ്പനിയിലെ സഹപ്രവര്‍ത്തകന്റെ സുഹൃത്താണ് നാടുവിട്ട തോമസ്. സിവില്‍ ഐഡിയുടെ കോപ്പി തട്ടിപ്പ് നടത്തിയ തോമസിന് നല്‍കിയ സഹപ്രവര്‍ത്തകനും കുടുംബസമേതം കുവൈത്ത് വിട്ടതോടെയാണ് താന്‍ ചെയ്യാത്ത തെറ്റില്‍ പാലാ സ്വദേശി കുടുങ്ങിയത്.
100 ദിനാര്‍ ജാമ്യത്തിലാണ് ഒടുവില്‍ തോമസ് ജോസഫ് പുറത്തിറങ്ങിയത്. താന്‍ ജോലി ചെയ്യുന്ന കമ്പനിക്ക് സത്യാവസ്ഥ മനസിലായതിനാല്‍ തോമസിന്റെ ജോലി സുരക്ഷിതമാണ്. ഇഖാമയും നിയമപരമാണ്. പക്ഷേ, തനിക്ക് പങ്കില്ലാത്ത കേസില്‍ നിന്ന് എങ്ങനെ രക്ഷപ്പെടുമെന്നതാണ് തോമസിന്റെ ആശങ്ക. ഇതിനായി സാമൂഹികപ്രവര്‍ത്തകരുടെ സഹായവും ഈ പാലാ സ്വദേശി തേടുന്നു.