ഏജന്റിന്റെ ചതി, ചെയ്യാത്ത തെറ്റിന് പിടിക്കപ്പെട്ട് കുവൈത്തില്‍ ജീവപര്യന്തം ശിക്ഷ. ഒടുവില്‍ അമീറിന്റെ ഇടപെടലില്‍ മോചനം. എട്ട് വര്‍ഷത്തിന് ശേഷം രാജരാജന്‍ പ്രിയപ്പെട്ടവരുടെ അരികിലേക്ക്‌

വിസ ഏജന്റിന്റെ ചതിയില്‍പെട്ട് കുവൈത്തില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട തമിഴ്‌നാട് സ്വദേശിക്ക് മോചനത്തിന് വഴി തെളിയുന്നു

New Update
rajarajan kw

കുവൈത്ത് സിറ്റി: വിസ ഏജന്റിന്റെ ചതിയില്‍പെട്ട് കുവൈത്തില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട തമിഴ്‌നാട് സ്വദേശിക്ക് മോചനത്തിന് വഴി തെളിയുന്നു. തനിക്ക് പങ്കില്ലാത്ത മയക്കുമരുന്ന് കേസില്‍ പിടിക്കപ്പെട്ട തമിഴ്‌നാട് ട്രിച്ചി സ്വദേശി രാജരാജനാണ് എട്ട് വര്‍ഷത്തിന് ശേഷം നാട്ടിലേക്ക് എത്തുന്നത്. കുവൈത്ത് അമീറിന്റെ കാരുണ്യമാണ് രാജരാജന്റെ മോചനത്തിന് കാരണമായത്.

Advertisment

2016 ഒക്ടോബറിലാണ് സുഹൃത്ത് അബ്ദുള്ള വഴി കുമരേശന്‍ എന്ന ഏജന്റ് മുഖേന രാജരാജന്‍ കുവൈത്തിലേക്ക് എത്തുന്നത്. കുവൈത്തിലേക്ക് പുറപ്പെടും മുമ്പ് രാജരാജന്‍ കുമരേശനൊപ്പം ചെന്നൈയിലെത്തിയിരുന്നു.

ഇവിടെ വച്ച് രാജരാജന്റെ സാധനങ്ങള്‍ അടങ്ങിയ ലഗേജ് മാറ്റി, കുമരേശന്‍ പുതിയ ലഗേജ് നല്‍കി. പഴയ ലഗേജ് മോശമായതിനാലാണ് പുതിയത് നല്‍കുന്നത് എന്നായിരുന്നു മറുപടി. പുതിയ ലഗേജില്‍ രാജരാജന്റെ വസ്ത്രങ്ങളാണെന്നും കുമരേശന്‍ തെറ്റിദ്ധരിപ്പിച്ചു. 

ലഗേജ് തുറന്നു നോക്കാന്‍ ഇനി സമയമില്ലെന്നും കുമരേശന്‍ പറഞ്ഞു. അന്ന് വൈകിട്ട് തന്നെ രാജരാജന്‍ കുവൈത്തിലേക്ക് പുറപ്പെടുകയും ചെയ്തു. എന്നാല്‍ കുവൈത്തില്‍ വച്ച് അധികൃതര്‍ നടത്തിയ പരിശോധനയില്‍ രാജരാജന്റെ പെട്ടിയില്‍ മയക്കുമരുന്ന് കണ്ടെത്തി. തുടര്‍ന്ന് കേസില്‍ അദ്ദേഹത്തെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു.

പിടിക്കപ്പെട്ട് രണ്ടാഴ്ച കഴിഞ്ഞാണ് താന്‍ അറസ്റ്റിലായത് മയക്കുമരുന്ന് കേസിലാണെന്ന് ഇദ്ദേഹം തിരിച്ചറിഞ്ഞത് പോലും. 

രാജരാജന്റെ മോചനത്തിനായി സഹോദരി അന്‍പരശി ചെന്നൈ ഡൊമസ്റ്റിക് വര്‍ക്കര്‍ വെല്‍ഫയര്‍ ട്രസ്റ്റിനെ സമീപിച്ചു. കൂടാതെ തമിഴ്‌നാട് സര്‍ക്കാരിനും, കുവൈത്ത് മനുഷ്യവകാശ സൊസൈറ്റിയിലും അപേക്ഷ സമര്‍പ്പിക്കുകയും ചെയ്തു. വിഷയത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ അണ്ടര്‍ സെക്രട്ടറി സെന്തില്‍ കുമാറിന്റെ ഇടപെടല്‍ അഭ്യര്‍ത്ഥിച്ച് കുവൈത്തിലെ ഇന്ത്യന്‍ എംബസിയെയും ബന്ധപ്പെട്ടു. എംബസിയിലെ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഓഫീസറായിരുന്ന മലയാളിയുമായ പി.പി. നാരായണന്‍ തുടര്‍നടപടികള്‍ പിന്തുടര്‍ന്നു.

രാജരാജന്‍ നിരപരാധിയാണെന്ന് ബോധ്യപ്പെടുത്താന്‍ അദ്ദേഹം നിരന്തരം ശ്രമങ്ങള്‍ നടത്തി. തുടര്‍ന്ന് 2017ലെ തടവുകാര്‍ക്ക് അമീര്‍ നല്‍കുന്ന ശിക്ഷായിളവ് പട്ടികയില്‍ രാജരാജനും ഇടം നേടി. അങ്ങനെ ജീവപര്യന്തം ശിക്ഷയും ഒഴിവായി.

ജയില്‍ ഉദ്യോഗസ്ഥര്‍ നല്‍കിയ റിപ്പോര്‍ട്ടുകള്‍ പരിഗണിച്ച് ഘട്ടം ഘട്ടമായി അദ്ദേഹത്തിന് കൂടുതല്‍ ഇളവുകള്‍ ലഭിച്ചു. ഒടുവില്‍ മോചനത്തിന് വഴിയൊരുങ്ങി. നാട്ടിലേക്ക് അയക്കുന്നതിന് രാജരാജനെ നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റി. വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം അദ്ദേഹം ഉടന്‍ നാട്ടിലെത്തും.

Advertisment