കുവൈത്ത് സിറ്റി: വയനാട് ദുരന്തത്തില്‍ കൈത്താങ്ങായി കുവൈത്ത് വയനാട് അസോസിയേഷൻ. 10 ലക്ഷം രൂപയാണ് അസോസിയേഷന്‍ സഹായധനമായി പ്രഖ്യാപിച്ചത്.
സ്വന്തം നാട്ടിലെ അതിദാരുണമായ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കുവൈറ്റ് വയനാട് അസോസിയേഷൻ നടത്തുവാൻ മുൻക്കൂട്ടി നിശ്ചയിച്ചിരുന്ന വയനാട് മഹോത്സവം പരിപാടി ഒഴിവാക്കുവാനും അതിലേക്കായി നീക്കി വെച്ച തുകയും സുമനസ്സുകളിൽ നിന്ന് ശേഖരിക്കുന്ന തുകയും ചേർത്ത്, സർവ്വവും നഷ്ടപ്പെട്ട് ജീവൻ മാത്രം സമ്പാദ്യമായി ജീവിതത്തിലേക്ക് രക്ഷപ്പെട്ട് എത്തിയവരുടെ പുനരധിവാസത്തിലേക്ക് വിനിയോഗിക്കുവാൻ തീരുമാനിച്ചതായി സംഘടന ഭാരവാഹികൾ അറിയിച്ചു.
തുടർന്നും കൈത്താങ്ങാകുവാൻ തങ്ങളാൽ കഴിയുന്ന സാധ്യമായ വഴികളെല്ലാം തേടുമെന്നും, നാടിന്റെ ദുരവസ്ഥയിൽ അംഗങ്ങളെല്ലാം ഒപ്പം നിൽക്കുമെന്നും ഭാരവാഹികൾ വാർത്തകുറിപ്പിൽ അറിയിച്ചു