കുവൈത്ത് സിറ്റി: ബയോമെട്രിക് പ്രക്രിയ പൂർത്തിയാക്കാത്ത പ്രവാസികൾക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. നടപടികൾ പാലിക്കുന്നതിൽ പരാജയപ്പെട്ടവർക്ക് രാജ്യത്തേക്കുള്ള പ്രവേശനത്തിനും പുറത്തുകടക്കുന്നതിനും നിയന്ത്രണങ്ങൾ ഉണ്ടാകും.
ജനറൽ ഡിപ്പാർട്ട്മെൻ്റ് ഓഫ് ക്രിമിനൽ എവിഡൻസ് ഉദ്യോഗസ്ഥനായ ഫസ്റ്റ് ലഫ്റ്റനൻ്റ് തലാൽ അൽ ഖാലിദി യാണ് കുവൈത്ത് റേഡിയോയിലെ പ്രത്യേക പരിപാടിയിൽ ഇക്കാര്യം സൂചിപ്പിച്ചത്.
പ്രവാസികൾക്ക് ഇതിനായി അനുവദിച്ച സമയ പരിധി 2024 ഡിസംബർ 31ന് അവസാനിച്ചിരുന്നു. ഈ സമയ പരിധിക്ക് ശേഷം നടപടി പൂർത്തിയാക്കാത്തവരുടെ ബാങ്ക് ഇടപാടുകൾ മരവിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് യാത്രാ വിലക്ക് ഉൾപ്പെടേയുള്ള കടുത്ത നടപടികൾ ഏർപ്പെടുത്തുന്നത്.
181718 പ്രവാസികളാണ് ഇനിയും ബയോ മെട്രിക് നടപടികൾ പൂർത്തിയാക്കാൻ ബാക്കിയുള്ളത്. ക്രിമിനൽ എവിഡൻസ് ജനറൽ ഡിപ്പാർട്ട്‌മെൻ്റിൻ്റെ 8 കേന്ദ്രങ്ങൾ ഇതിനായി ആഴ്ചയിൽ മുഴുവൻ ദിവസങ്ങളിലും പ്രവർത്തിച്ചു വരുന്നുണ്ട്.
കേവലം മൂന്ന് മിനിറ്റിനകം ബയോ മെട്രിക് നടപടികൾ പൂർത്തിയാക്കുവാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബയോമെട്രിക് രജിസ്‌ട്രേഷൻ പൂർത്തിയാകുന്നതുവരെ നിയന്ത്രണങ്ങൾ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.