/sathyam/media/media_files/2024/12/23/4XmhCOHY8ohGuifLxQPm.jpg)
കുവൈറ്റ് സിറ്റി: പ്രവാസികളുടെ യാത്രാപ്രശ്‌നവുമായി ബന്ധപ്പെട്ട എയർസേവ പോർട്ടൽ പ്രശ്‌നം പരിഹരിച്ചതായി കേന്ദ്ര വ്യോമയാന മന്ത്രാലയം ഡൽഹി ഹൈക്കോടതിയെ അറിയിച്ചു.
ഇതുമായി ബന്ധപ്പെട്ട ഹർജി ഡൽഹി ഹൈക്കോടതി പരിഗണിക്കവെയാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം ഡൽഹി ഹൈക്കോടതിയെ ഇക്കാര്യം അറിയിച്ചത്.
വിമാനയാത്രക്കാരുടെ പ്രശ്നപരിഹാരത്തിനായി വ്യോമയാന മന്ത്രാലയം നേരിട്ട് നടത്തുന്ന എയർസേവ പോർട്ടൽ കഴിഞ്ഞ കുറച്ചു നാളുകളായിട്ട് കാര്യക്ഷമമല്ലെന്നും അടുത്തിടെയുണ്ടായ വ്യാപകമായ ഫ്ലൈറ്റ്ക്യാൻസലേഷനുകളെ തുടർന്ന് റീഫണ്ടും കോമ്പൻസേഷനും മറ്റും കിട്ടുന്നതിന് എയർസേവ പോർട്ടൽ സഹായകരമല്ലെന്നും മറ്റും ചൂണ്ടിക്കാണിച്ചുകൊണ്ട് പ്രവാസി ലീഗൽ സെൽ ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു.
ഇതിൽ അടിയന്തിര നടപടി സ്വീകരിക്കുവാനായി ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് മൻമോഹൻ, ജസ്റ്റിസ് തുഷാർ റാവു ഗെഡേല എന്നിവർ കഴിഞ്ഞ സെപ്റ്റംബർ മാസം 27ന് ഉത്തരവിട്ടിരുന്നു.
ഈ ഉത്തരവ് നടപ്പാകുന്നതിനായി പ്രവാസി ലീഗൽ സെൽ ഡൽഹി ഹൈക്കോടതിയെ കോടതി അലക്ഷ്യ ഹർജിയുമായി സമീപിച്ചതിനെ തുടർന്നാണ് ഇപ്പോൾ കേന്ദ്ര വ്യോമയാന മന്ത്രാലയം ഈ തീരുമാനം കോടതിയെ അറിയിച്ചത്.
എയർസേവ പോർട്ടലിൽ ഉണ്ടായ സാങ്കേതീക പ്രശ്നം പരിഹരിച്ചതായും കൂടുതൽ ശ്രദ്ധയോടെയും ഉയർന്ന മേൽനോട്ടത്തിലൂടെയും പോർട്ടൽ ഇപ്പോൾ സുശക്തമെന്നും വ്യോമയാന മന്ത്രാലയം പറയുന്നു.
പെട്ടെന്നു തന്നെ പ്രശ്‌ന പരിഹാരത്തിനായി കൂടുതൽ നടപടികൾ എടുത്തുവരുന്നതായും എയർസേവ പോർട്ടൽ നിലവിൽ മികച്ചരീതിയിൽ പ്രവർത്തിക്കുന്നതായും വ്യോമയാന മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us