/sathyam/media/media_files/LSh6tqqqU9URq7PoVZWK.jpg)
കുവൈത്ത് സിറ്റി: ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം ഉയർത്താനും പൊതുജനാരോഗ്യം സംരക്ഷിക്കാനും ജനിതക, പകർച്ചവ്യാധികളുടെ നിരക്ക് കുറയ്ക്കുന്നതിനും ലക്ഷ്യമിട്ട്, വിവാഹാരോഗ്യ പരിശോധന സംബന്ധിച്ച നിയമത്തിൽ ഭേദഗതികൾ കൊണ്ടുവന്ന് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ-അവാദി പുതുക്കിയ എക്സിക്യൂട്ടീവ് ചട്ടങ്ങൾ പുറത്തിറക്കി.
2008ലെ നിയമം നമ്പർ 31ന് കീഴിലുള്ള പുതിയ ചട്ടങ്ങളിൽ നിരവധി മാറ്റങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും പ്രധാനപ്പെട്ടത്, കുവൈറ്റ് രാജ്യത്ത് രജിസ്റ്റർ ചെയ്യുന്ന എല്ലാ വിവാഹ കരാറുകൾക്കും മെഡിക്കൽ പരിശോധന നിർബന്ധമാക്കിയതാണ്.
വിവാഹിതരാകുന്നവർ രണ്ടുപേരും കുവൈറ്റുകാരായിരിക്കുകയോ, ഒരാൾ കുവൈറ്റിയായിരിക്കുകയോ, രണ്ടുപേരും വിദേശികൾ ആയിരിക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ പോലും പരിശോധന നിർബന്ധമായിരിക്കും.
വിവാഹത്തിന് മുമ്പുള്ള മെഡിക്കൽ പരിശോധനാ നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനായി ഡിജിറ്റൽ ആപ്ലിക്കേഷനുകളും പുതിയ ചട്ടങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചതിന് ശേഷം പുതിയ ഭേദഗതികൾ 2025 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.