രാജീവ്‌ഗാന്ധി പ്രവാസി പുരസ്‌കാരം കെ.സി വേണുഗോപാൽ എം.പിയ്ക്ക്

New Update
OICC  KC VENUGOPAL

കുവൈത്ത് : മുൻ പ്രധാനമന്ത്രിയും ഇന്ത്യയിലെ വാർത്താവിനിമയ, സാങ്കേതിക വിപ്ലവത്തിൻ്റെ ഉപജ്ഞാതാവുമായിരുന്ന രാജീവ്‌ഗാന്ധിയുടെ പേരിൽ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒ.ഐ.സി.സി) കുവൈത്ത് ദേശീയ കമ്മിറ്റി ഏർപ്പെടുത്തിയ മികച്ച പൊതുപ്രവർത്തകനുള്ള പ്രഥമ പ്രവാസി പുരസ്‌കാരം എ.ഐ.സി.സിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപിക്ക് സമ്മാനിക്കും.


Advertisment

പതിറ്റാണ്ടുകൾ നീണ്ട രാഷ്ട്രീയ ജീവിതത്തിലെ ജനകീയതയും കറപുരളാത്ത പ്രവർത്തന ശൈലിയും പാർലമെൻ്ററി രംഗത്തെ മികച്ച പ്രകടനവും പൊതുജനസേവനത്തിലെ മാതൃകാപരമായ മികവും പബ്ലിക്ക് അക്കൗണ്ട്സ് കമ്മിറ്റി അധ്യക്ഷനെന്ന നിലയിലെ ക്രിയാത്മകമായ ഇടപെടലുകളും പരിഗണിച്ചാണ് കെ.സി വേണുഗോപാലിന് പുരസ്‌കാരം നൽകുന്നത്. ഒരു ലക്ഷം രൂപയും, പ്രശസ്‌തി പത്രവും, ഫലകവും അടങ്ങുന്നതാണ് അവാർഡ്


കോൺഗ്രസിൻറെ വിദ്യാർഥി പ്രസ്ഥാനമായ കെഎസ്‌യുവിലൂടെ പൊതു രംഗത്ത് എത്തിയ കെ.സി നിരവധി തവണ എം.പിയും എം.എൽ.എ യുമായി സംസ്ഥാന മന്ത്രിസഭാ അംഗവും കേന്ദ്രമന്ത്രി സഭാ അംഗവുമായി സ്‌തുത്യർഹമായ സേവനത്തിലൂടെ പടിപടിയായി ഉയർന്ന് ഇന്ന് ദേശീയ രാഷ്ട്രീയ രംഗത്ത് മലയാളിക്ക് അഭിമാനിക്കാവുന്ന സാന്നിധ്യവും ശബ്ദവുമായി മാറിയെന്ന് പുരസ്ക്‌കാര നിർണയ ജൂറി വിലയിരുത്തി.

k c venugopal oshana sunday.jpg

 സംഘടനാ രംഗത്ത് മികവുറ്റ പ്രവർത്തനത്തിലൂടെ കോൺഗ്രസ് പാർട്ടിയെ മികച്ച പ്രതിപക്ഷമായി ഉയർത്താനും വിവിധ പാർട്ടികളിലെ ദേശീയ നേതാക്കളെ നയചാതുരിയോടെ കൂട്ടിയിണക്കി ഇന്ത്യ മുന്നണിയെ ഐക്യത്തോടെയും കെട്ടുറപ്പോടെയും ഒരുമിച്ച് ചേർത്ത് കൊണ്ടു പോകാനും കെ.സി വഹിക്കുന്ന പങ്ക് വലുതാണ്. രാജ്യം വെല്ലുവിളികൾ നേരിടുന്ന വർത്തമാന സാഹചര്യത്തിൽ പാർലമെൻ്റിന് അകത്തും പുറത്തും കെ.സിയുടെ ശബ്ദം മതേതര, ജനാധിപത്യ വിശ്വാസികൾക്ക് പ്രതീക്ഷാ നിർഭരമാണെന്ന് ജൂറി ചൂണ്ടിക്കാട്ടി.


മുൻ അഡീഷണൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ഡോ.ആസിഫ് അലി അദ്ധ്യക്ഷനും എഴുത്തുകാരിയും സാമൂഹ്യപ്രവർത്തകയുമായ സുധാമേനോൻ, മുതിർന്ന മാധ്യമ പ്രവർത്തകൻ ജോർജ്ജ് കള്ളിവയലിൽ എന്നിവർ അംഗങ്ങളുമായ മൂന്നംഗ ജൂറിയാണ് പുരസ്‌കാര ജേതാവിനെ തീരുമാനിച്ചത്.


മെയ് മാസം കുവൈത്തിൽ നടക്കുന്ന വിപുലമായ പരിപാടിയിൽ അവാർഡ് സമ്മാനിക്കുമെന്ന് കുവൈത്ത് ഒ.ഐ.സി.സിയുടെ ചുമതലയുള്ള കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ബി.എ അബ്ദുൾ മുത്തലിബ്, കുവൈത്ത് ഒ.ഐ.സി.സി ദേശീയ കമ്മിറ്റി പ്രസിഡൻ്റ് വർഗീസ് പുതുകുളങ്ങര, വൈസ് പ്രസിഡൻ്റ് ഡോ.എബി വരിക്കാട് എന്നിവർ അറിയിച്ചു.

kc venugopal malayora samara yathra

അഡ്വ ബി എ അബ്ദുൾ മുത്തലിബ് (കെ.പി.സി.സി ജനറൽ സെക്രട്ടറി) (ചുമതല ഒ.ഐ.സി.സി കുവൈത്ത്)വർഗീസ് പുതുക്കുളങ്ങര (പ്രസിഡൻ്റ്) (ഒ.ഐ.സി.സി കുവൈത്ത്)  ഡോ.എബി വരിക്കാട് (വൈസ് പ്രസിഡന്റ്) ഒ.ഐ.സി.സി കുവൈത്ത്)

Advertisment