കുവൈറ്റ് : സുരക്ഷ ശക്തിപ്പെടുത്താനും നിയമലംഘകരെ പിടികൂടാനും നടത്തുന്ന തുടര്ന്ന നടപടികളുടെ ഭാഗമായി, ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഹിസ് എക്‌സലൻസി ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ-സബാഹിന്റെ നിർദേശപ്രകാരം, ആഭ്യന്തര മന്ത്രാലയം ജനുവരി 31 വെള്ളിയാഴ്ച സബാഹ് അൽസാലിം പ്രദേശത്ത് സമഗ്ര സുരക്ഷാ, ഗതാഗത പരിശോധന കാമ്പയിൻ സംഘടിപ്പിച്ചു.
ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് സെക്ടറും സ്വകാര്യ സുരക്ഷാ വിഭാഗവും ചേർന്നാണ് പരിശോധന നടത്തിയത്. പരിശോധനയിൽ 2,293 ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തി. അറസ്റ്റ് വാറണ്ട് ഉള്ള ആറ് പേരെ പിടികൂടുകയും താമസവും തൊഴിൽ നിയമവും ലംഘിച്ച എട്ട് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. തിരിച്ചറിയൽ രേഖയില്ലാത്ത ഒരാളെ കസ്റ്റഡിയിലെടുത്തു. ഒളിവിൽ കഴിഞ്ഞ ആറ് പേരെയും ലൈസൻസില്ലാതെ വാഹനമോടിച്ച ഒരാളെയും പിടികൂടി.
ഒരു കേസിനെ ജുവനൈൽ ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിലേക്ക് റഫർ ചെയ്തു. വിവിധ കേസുകളുമായി ബന്ധപ്പെട്ട് തിരയുന്ന 17 വാഹനങ്ങളും മോട്ടോർ സൈക്കിളുകളും പിടിച്ചെടുത്തു. ഗതാഗത നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് 19 വാഹനങ്ങളും മോട്ടോർ സൈക്കിളുകളും കസ്റ്റഡിയിൽ എടുത്തു. ലൈസൻസില്ലാതെ വാഹനമോടിച്ച ഒരാളെ ട്രാഫിക് പൊലീസിന് കൈമാറി.
സുരക്ഷാ ഉദ്യോഗസ്ഥരുമായി സഹകരിക്കാനും, നിയമലംഘനങ്ങളോ സംശയാസ്പദ പ്രവർത്തനങ്ങളോ ഉണ്ടായാൽ 112 അടിയന്തര ഹോട്ട്‌ലൈനിൽ വിളിച്ച് റിപ്പോർട്ട് ചെയ്യാനുമാണ് മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചത്.