കുവൈത്ത്: സംസ്ഥാനത്തുണ്ടായ പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ കുവൈറ്റ് സീറോ മലബാർ കൾച്ചറൽ അസോസിയേഷൻ (എസ്.എം.സി.എ) 'പ്രത്യാശ' എന്ന പേരില്‍ പുനരധിവാസ പദ്ധതി പ്രഖ്യാപിച്ചു. സംഘടനയുടെ അടിയന്തരയോഗത്തിലാണ് തീരുമാനം.
എസ്.എം.സി. എ കുവൈറ്റ് പ്രസിഡണ്ട് ഡെന്നീ കാഞ്ഞുപറമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ആക്ടിംഗ് സെക്രട്ടറി തോമസ് കറുകക്കളം സ്വാഗതവും, ട്രഷറർ ഫ്രാൻസിസ് നന്ദിയും പറഞ്ഞു.
യോഗ തീരുമാനങ്ങൾ വിശദീകരിച്ചുകൊണ്ട് പ്രകൃതിക്ഷോഭത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് അനുശോചനവും സമ്പാദ്യവും, ഉപജീവനമാർഗ്ഗവും നഷ്ടപ്പെട്ട എല്ലാവരോടും ഐക്യദാർഢ്യവും പ്രഖ്യാപിക്കുന്നതായി പ്രസിഡൻറ് ഡെന്നീ കാഞ്ഞുപ്പറമ്പിൽ അറിയിച്ചു.
കുവൈറ്റിലെ നാല് ഏരിയ കമ്മറ്റികളുടെയും സബ് കമ്മിറ്റി കൺവീനർമാരുടെയും എല്ലാ സെൻട്രൽ കമ്മിറ്റി അംഗങ്ങളുടെയും കുവൈറ്റിലെ എസ്.എം.സി.എ സംഘടന അംഗങ്ങളുടെയും ഉറച്ച പിന്തുണയാണ് ഇതിനു പിന്നിലെ ചാലകശക്തി എന്ന് അദ്ദേഹം എടുത്തു പറഞ്ഞു.
തുടർനടപടികൾ അടിയന്തര പ്രാധാന്യത്തോടെ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. എസ്.എം.സി. എയുടെ ഏരിയ കൺവീനർമാർ ആയ സിജോ മാത്യൂ അബ്ബാസിയ, ജോബ് ആന്റണി സാൽമിയ, ജോബി വർഗീസ് ഫഹാഹീൽ, ഫ്രാൻസിസ് പോൾ സിറ്റി ഫർവാനിയ, വൈസ് പ്രസിഡണ്ട് ബിജു എണ്ണംപറയിൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. മീഡിയ കൺവീനർ ജിസ്സ് ജോസഫ് മാളിയേക്കൽ മാധ്യമങ്ങൾക്കായുള്ള പത്രക്കുറിപ്പിൽ കാര്യങ്ങൾ വിശദമാക്കി.