കുവൈത്ത് സിറ്റി: അറ്റക്കുറ്റപ്പണികളുമായി ബന്ധപ്പെട്ട് കുവൈത്തിലെ 'ഫിഫ്ത് റിംഗ് റോഡി'ല്‍ ഗതാഗതം താല്‍ക്കാലികമായി വഴിതിരിച്ചുവിടും. ഇതുമായി ബന്ധപ്പെട്ട് ജനറൽ അതോറിറ്റി ഫോർ റോഡ്‌സ് ആൻഡ് ലാൻഡ് ട്രാൻസ്‌പോർട്ട് പദ്ധതി തയ്യാറാക്കി. ഫിഫ്ത് റിംഗ് റോഡിലെ ഇരുദിശകളിലേക്കും ഗതാഗതം വഴിതിരിച്ചുവിടും. പ്രത്യേകിച്ചും ഇബ്ന്‍ അല്‍ ഖാസിം സ്ട്രീറ്റുമായി ചേരുന്ന ഭാഗത്തായിരിക്കും ഗതാഗതം വഴിതിരിച്ചുവിടുന്നതെന്ന് പ്രാദേശികമാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഞായറാഴ്ച രാവിലെ മുതല്‍ വ്യാഴാഴ്ച രാവിലെ വരെയായിരിക്കും നിയന്ത്രണം.
പൊതുഗതാഗത വകുപ്പിൻ്റെ സഹകരണത്തോടെ ദിവസവും പുലർച്ചെ 2 മുതൽ രാവിലെ 7 വരെയായിരിക്കും ഈ നിയന്ത്രണം നടപ്പിലാക്കുന്നത്. റോഡ് അറ്റകുറ്റപ്പണികൾ സുഗമമാക്കുന്നതിനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും വേണ്ടിയാണ് നടപടി.
വാഹനമോടിക്കുന്നവർ അതിനനുസരിച്ച് റൂട്ടുകൾ ആസൂത്രണം ചെയ്യണമെന്നാണ് നിര്‍ദ്ദേശം. ഈ കാലയളവില്‍ അധികൃതര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയും വേണം. റോഡ്‌സ് ആൻഡ് ലാൻഡ് ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി ഈ താൽക്കാലിക ക്രമീകരണത്തിൽ പൊതുജനങ്ങളുടെ സഹകരണം ആവശ്യപ്പെട്ടു.