/sathyam/media/media_files/HByheM8vOs7qX93C36Oj.jpg)
റിയാദ്: വ്രത കാലമായ റമദാന്‍ മാസത്തിന്റെ ആരംഭം പ്രമാണിച്ച് മദീനയില്‍ ഷട്ടില്‍ ബസ് സര്‍വീസുകള്‍ ആരംഭിച്ചു. മാര്‍ച്ച് ഒന്നിനാണ് റമദാന്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നത്. നോമ്പു കാലത്ത് താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
പ്രവാചക പള്ളിയിലേക്ക് ദിവസം 18 മണിക്കൂര്‍ ഷട്ടില്‍ ബസ് സര്‍വീസ് നടത്തും. എന്നാല്‍ അല്‍ സലാം, സയ്യിദ് അല്‍ ഷുഹദ സ്റ്റേഷനുകളില്‍ 24 മണിക്കൂര്‍ സേവനവുമുണ്ടാകും.ഔദ്യോഗിക കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം 20 ലക്ഷത്തോളം ആള്‍ക്കാരാണ് മദീന ബസ് സര്‍വീസ് ഉപയോഗപ്പെടുത്തിയത്.
റമദാനില്‍ ഇവിടേക്ക് എത്തുന്ന തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകുമെന്നതിനാല്‍ ബസ് ഫ്‌ലീറ്റ്, പ്രവര്‍ത്തന സമയം, സ്റ്റോപ്പ് പോയിന്റുകള്‍ എന്നിവ വര്‍ദ്ധിപ്പിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
മദീന വികസന അതോറിറ്റിയുടെ പദ്ധതിയുടെ ഭാഗമായാണ് ഷട്ടില്‍ ബസ് സര്‍വീസുകള്‍ കൊണ്ടുവന്നത്. ഇത് പൂര്‍ണമായും സൗരോര്‍ജത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ആകെ 106 സ്റ്റോപ്പിങ് പോയിന്റുകള്‍ ഉണ്ടായിരിക്കും.
മേഖലയിലെ പ്രധാന പള്ളികള്‍, ചരിത്രപരമായ സ്ഥലങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഷോപ്പിംഗ് മാളുകള്‍, ആരോഗ്യ കേന്ദ്രങ്ങള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള റൂട്ടുകളിലൂടെയാകും ബസ് കടന്നുപോവുക.