/sathyam/media/media_files/2025/07/15/images1094-2025-07-15-00-10-19.jpg)
മക്ക: ഇത് മലപ്പുറം, അരീക്കോട്, വെള്ളേരി സ്വദേശി മുസ്തഫ പാമ്പൊടൻ. 2024 ജൂലൈ 24 ന് സ്വകാര്യ ഗ്രൂപ്പിൽ ഭാര്യയും രണ്ട് മക്കളുമൊന്നിച്ച് ഉംറ നിർവഹിക്കാൻ കരിപ്പൂരിൽ നിന്നെത്തിയ തീർത്ഥാടകൻ.
മക്കയിലെത്തിയ ഇദ്ദേഹം നാല് മാസ ജയിൽവാസത്തിനും എട്ട് മാസത്തെ നിയമക്കുരുക്കിനും ശേഷം ഇക്കഴിഞ്ഞ ദിവസം നാട്ടിലേക്ക് തിരിച്ചു പോയി.
സൗദി അറേബ്യ പോലെ നിയമം അതിന്റെ എല്ലാ കണിശതയിലും കടുപ്പത്തിലും നിലനിൽക്കുന്ന ഒരു രാജ്യത്തേക്ക് വരുമ്പോൾ പാലിക്കേണ്ട ജാഗ്രതയും ശ്രദ്ധയും ഇല്ലാതെ പോയതാണ് മുസ്തഫയ്ക്ക് സ്വപ്നേപി നിനക്കാത്ത ദുരിതങ്ങൾ സമ്മാനിച്ചത്.
വില്ലനായതോ, സൗദിയിലേക്ക് വരുമ്പോൾ അയൽവാസിയായ ഒരാൾ മക്കയിൽ ജോലി ചെയുന്ന വള്ളുവമ്പ്രം സ്വദേശിയായ ഒരു സുഹൃത്തിന് കൊടുക്കാൻ വേണ്ടി ഏല്പിച്ച 180 എണ്ണം ഗുളികകളും.
ഉംറ നിർവഹിക്കാൻ മക്കയിലേക്കുള്ള വഴിയിൽ ജിദ്ദയിൽ വിമാനമിറങ്ങിയ മുസ്തഫയുടെ കഥ ഇങ്ങിനെ:
ജിദ്ദയിൽ വിമാനം ഇറങ്ങിയപ്പോൾ സംശയം തോന്നിയ വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ ഇവരിൽ നിന്ന് വേദനസംഹാരി കണ്ടെടുത്തു.
ഷുഗർ രോഗികൾ ഉപയോഗിക്കുന്ന ന്യൂറോപതിക് വേദനാസംഹാരിയായ മരുന്നായിരുന്നു മുസ്തഫയുടെ പക്കൽ.
സൗദിയിൽ ഈ മരുന്ന് പൊതുവെ മയക്കുമരുന്ന് ഗണത്തിൽ പെടുന്നതാണ്. ഡോക്ടറുടെ കുറിപ്പടി ഉണ്ടെങ്കിൽ വളരെ കുറഞ്ഞ അളവിൽ മാത്രം അനുവദിക്കുന്ന ഈ വേദനസംഹാരി ഗുളിക 180 എണ്ണമായിരുന്നു മുസ്തഫയുടെ പക്കൽ ഉണ്ടായിരുന്നത്.
അളവിൽ കൂടുതൽ മരുന്നുകൾ ഇവരുടെ കൈവശം കണ്ടെത്തിയ കസ്റ്റംസ് അധികൃതർ ഇവരെ ഡ്രഗ് കൺട്രോൾ വിഭാഗത്തിന് കൈമാറി.
അറബി ഭാഷാ പ്രശ്നം ഉണ്ടായതിനാൽ തങ്ങളുടെ കുറ്റം എന്തെന്ന് മുസ്തഫക്ക് മനസിലായില്ല. മക്കയിലെ ഷറായ ജയിലിലേക്ക് മാറ്റിയവ ഇവരെ പിന്നീട് മലയാളി പരിഭാഷകന്റെ സഹായത്തോടെ അധികൃതർ നടത്തിയ നീണ്ട ചോദ്യം ചെയ്യലിലാണ് തങ്ങൾ കൊണ്ടുവന്ന മരുന്ന് സുഹൃത്തിനുള്ളതാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നത്.
ഇതിനിടെ മരുന്ന് ഏൽപ്പിക്കേണ്ട സുഹൃത്തിനെയും പൊലീസ് പിടികൂടിയിരുന്നു.
കുറ്റം കണ്ടെത്തിയതോടെ 15 ദിവസത്തിന് ശേഷം മുസ്തഫയെയും മരുന്ന് സ്വീകരിക്കേണ്ട സുഹൃത്തിനെയും ശുമൈസിയിലെ പ്രധാന ജയിലിലെ മയക്കുമരുന്ന് വിഭാഗം സെല്ലിലേക്ക് മാറ്റി.
നാട്ടുകാരനും മക്കയിലെ ബിസിനസുകാരനുമായ സുബൈറിന്റെ ഇടപെടലിൽ ഭാര്യയെയും മക്കളെയും മക്ക ഷറായ ജയിലിലെ രണ്ട് ദിവസത്തെ വാസത്തിന് ശേഷം അധികൃതർ വിട്ടയച്ചു. ഇവരെ പിന്നീട് നാട്ടിലയച്ചിരുന്നു.
നാലരമാസത്തെ ജയിൽ വാസത്തോടൊപ്പം നടന്ന നിയമനടപടികൾക്ക് ശേഷമാണ് മുസ്തഫക്ക് തന്റെ നിരപരാധിത്വം തെളിയിക്കാനായത്.
മരുന്ന് സ്വീകരിക്കേണ്ട വെള്ളുവമ്പ്രം സ്വദേശി നേരിട്ട് വന്നു കാര്യങ്ങൾ വ്യക്തമാക്കിയത് കൊണ്ട് മാത്രമാണ് മുസ്തഫക്ക് തന്റെ നിരപരാധിത്വം തെളിയിക്കാനായത്.
മയക്കുമരുന്ന് ഗണത്തിൽ ഉൾപ്പെടുത്തിയ മരുന്നുകൾ സൗദിയിലേക്ക് കടത്തി പിടിക്കപ്പെട്ടാൽ വധശിക്ഷ വരെയാണ് ശിക്ഷ.
മുസ്തഫയുടെ സുഹൃത്ത് ഒമ്പത് മാസം ജയിൽ ശിക്ഷയ്ക്ക് ശേഷം ഇപ്പോൾ പുറത്തിറങ്ങിയിട്ടുണ്ട്. ഇദ്ദേഹത്തിനും നാടുകടത്തൽ കൂടി അനുഭവിക്കണം.
ഇതിനുള്ള നിയമനടപടികൾ പൂർത്തിയാകാത്തതിനാൽ ജയിലിൽ അല്ലെങ്കിലും മക്കയിൽ തന്നെ കഴിയുകയാണ്. നടപടികൾ പൂർത്തിയാകുന്ന മുറക്ക് മുസ്തഫയെ പോലെ നാടാണയാൻ.
അയൽവാസിയായ സുഹൃത്ത് മക്കയിലെ അദ്ദേഹത്തിന്റെ സുഹൃത്തിനെ ഏൽപ്പിക്കാൻ നൽകിയതായിരുന്നു മരുന്ന്. പ്രമേഹരോഗികൾ ഉപയോഗിക്കുന്ന ന്യൂറോപതിക് വേദന സംഹാരിയായ ഗാബപന്റിൻ 180 ഗുളികകളാണ് കവറിലാക്കി ഇദ്ദേഹം കൊണ്ടുവന്നത്.
സുഹൃത്തായതിനാൽ കവറിലുള്ളത് എന്താണെന്ന് നൊക്കാതെ തന്നെ ബാഗേജിനകത്തു വെച്ച് കൊണ്ടുവരികയായിരുന്നു. എന്താണ് താൻ കൊണ്ടുവന്നത് എന്ന് പോലും മുസ്തഫക്ക് അറിയില്ലായിരുന്നു.
സൗദിയിലേക്കുള്ള ആദ്യ യാത്രയായതിനാൽ പരിചയക്കുറവും മുസ്തഫയ്ക്ക് വിനയായി.
നിയമനടപടികൾ അവസാനിച്ച് നാലര മാസത്തെ ജയിൽ വാസത്തിന് ശേഷം ഇദ്ദേഹം പുറത്തിറങ്ങിയെങ്കിലും എല്ലാ നിയമ കുരുക്കുകളും അഴിയാൻ വീണ്ടും ഏഴര മാസം കാത്തിരിക്കേണ്ടി വന്നു.
അതിനിടയിൽ ഉംറ വിസ കാലാവധി അവസാനിക്കുകയും ചെയ്തു. ഈ കാലയളവിൽ ഇദ്ദേഹം മക്കയിലെ സുഹൃത്തിന്റെ കൂടെയാണ് താമസിച്ചിരുന്നത്. നാട്ടിൽ ചെറുജോലികൾ ചെയ്തായിരുന്നു മുസ്തഫ കുടുംബം പോറ്റിയിരുന്നത്.
ഒരുവർഷം വരുമാനം നിലച്ചതോടെ കുടുംബവും പ്രയാസത്തിലായി. ഒപ്പമുള്ള സുഹൃത്തുക്കളുടെ സഹായമാണ് എല്ലാത്തിനും തുണയായത്. നിയമ നടപടികൾക്ക് ശേഷം ഉംറയും മദീന സന്ദർശനവും പൂർത്തിയാക്കി കഴിഞ്ഞ ദിവസം മുസ്തഫ നാട്ടിലേക്ക് മടങ്ങി.
മക്കയിലെ മുസ്‌തഫയുടെ അയൽവാസിയായ സുബൈർ, സുഹൃത്ത് പാനൂർ ഹോട്ടൽ ഉടമ ഷംഷീർ, അഷ്‌റഫ് എന്നിവരാണ് നിയമനടപടികൾ പൂർത്തിയാക്കാനും മറ്റും സഹായിച്ചത്.
സൗദിയിലേക്ക് വരുന്നവർ കൈവശം വെക്കുന്ന മരുന്നുകൾ സംബന്ധിച്ച് തികഞ്ഞ ധാരണയും ജാഗ്രതയും പാലിക്കേണ്ടതുണ്ട്. രാജ്യത്തിന് പുറത്തുനിന്നുള്ള വിവിധ മരുന്നുകൾ സൗദിയിൽ നിരോധിത ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ചില മരുന്നുകൾ നിരോധിച്ചിട്ടില്ലെങ്കിലും കൂടുതൽ എണ്ണം കൊണ്ടുവരുന്നതിനും നിയന്ത്രണമുണ്ട്.
ചില ഇന്ത്യൻ മരുന്നുകൾ കൊണ്ടുവരുന്നതിന് സൗദിയിലെ ഡോക്ടർമാരുടെ പ്രിസ്‌ക്രിപ്‌ഷനോ ശുപാർശയോ ആവശ്യമാണ്.
മൊത്തത്തിൽ അബദ്ധത്തിലുള്ള പിഴവുകൾ പോലും തല പോകുന്ന സ്ഥിതിയിലേക്ക് എത്തിച്ചേക്കാമെന്നതാണ് അവസ്ഥ.