ജിദ്ദയെ ആവേശത്തിലാഴ്ത്തി വനിത കെ.എം.സി.സിയുടെ ‘ചായൽ 2025’ ഒപ്പന മത്സരം മലപ്പുറം ജില്ലാ കെ.എം.സി.സി ജേതാക്കൾ

New Update
04981517-249a-4cec-b51e-1bcab7557937

ജിദ്ദ: ഒപ്പനയുടെ ചടുല താളങ്ങളിലേക്ക് ആസ്വാദക മനസ്സുകളെ ലയിപ്പിച്ച് ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വനിതാ വിംഗ് സംഘടിപ്പിച്ച ‘ചായൽ 2025’ ദേശീയ ഒപ്പന മത്സരം ജിദ്ദയെ കലാരസത്തിന്റെ ഉത്സവമാക്കി. സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി പേർ ഒഴുകിയെത്തിയ കലാസന്ധ്യ, ജനബാഹുല്യത്താലും കുടുംബ സാന്നിധ്യത്താലും ജിദ്ദ കണ്ട ഏറ്റവും വലിയ സാംസ്‌കാരിക പരിപാടികളിലൊന്നായി മാറി.

Advertisment

d42decba-088d-40ed-98e6-c1d120dc73ee

യുവജനോത്സവ വേദികളിൽ ഏറെ ജനപ്രീതി നേടിയ മാപ്പിള കലാരൂപമായ ഒപ്പനയെ അതിന്റെ തനത് സൗന്ദര്യത്തോടെയും ചടുലതയോടെയും അവതരിപ്പിച്ച മത്സരം കാണികൾക്ക് അപൂർവമായ അനുഭവമായി. ഏഴ് ടീമുകൾ പങ്കെടുത്ത വാശിയേറിയ മത്സരത്തിൽ മലപ്പുറം ജില്ലാ കെ.എം.സി.സി ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഫിനോം ജിദ്ദ രണ്ടാം സ്ഥാനവും കോഴിക്കോട് ജില്ലാ കെ.എം.സി.സി മൂന്നാം സ്ഥാനവും നേടി.

db189373-952b-46fc-84e2-00fc90046128

സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ടീമുകളെ പങ്കെടുപ്പിച്ച് നടന്ന ഒഡീഷൻ സെഷനിലൂടെ തിരഞ്ഞെടുക്കപ്പെട്ട മലബാർ അടുക്കള, ഈവ, ഇശൽ, ഫിനോം, മലപ്പുറം ജില്ലാ കെ.എം.സി.സി, പാലക്കാട് ജില്ലാ കെ.എം.സി.സി, കോഴിക്കോട് ജില്ലാ കെ.എം.സി.സി എന്നീ ഏഴ് ടീമുകളാണ് ഫൈനൽ മത്സരവേദിയിൽ മാറ്റുരച്ചത്.

ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി വി.പി. മുസ്തഫ പരിപാടി ഉദ്ഘാടനം ചെയ്തു. വനിതാ വിംഗ് പ്രസിഡന്റ് മുംതാസ് പാലോളി അധ്യക്ഷത വഹിച്ചു. ഷമീല പടിഞ്ഞാറേതിൽ സ്വാഗതവും കുബ്ര ലത്തീഫ് നന്ദിയും പറഞ്ഞു. അഹ്മദ് പാളയാട്ട്, റസാഖ് മാസ്റ്റർ, ഇസ്മായിൽ മുണ്ടക്കുളം, വി.പി. അബ്ദുൽ റഹ്മാൻ, വി.പി. ഉബൈദുല്ല തുടങ്ങിയവർ പ്രസംഗിച്ചു. 

7e4a0341-7275-4da6-9e82-8e1117592599

തുടർന്ന് നടന്ന സംഗീത വിരുന്നിൽ ഷഹജ മലപ്പുറം, അനീഷ് പട്ടുറുമാൽ, അൻവർ തിരൂരങ്ങാടി എന്നിവർ നേതൃത്വം നൽകി. കലയും കുടുംബസാന്നിധ്യവും ഒരുമിച്ചുചേർന്ന ‘ചായൽ 2025’ ജിദ്ദയിലെ പ്രവാസി സാംസ്‌കാരിക ജീവിതത്തിൽ മറക്കാനാവാത്തൊരു അധ്യായമായി. ഫിറോസ് ബാബു, ഷഹജ മലപ്പുറം, മുഷ്താഖ് മധുവായി എന്നിവർ വിധി കർത്താക്കളായിരുന്നു.

Advertisment