/sathyam/media/media_files/2024/12/05/GmoWsTypvVQFDAffXNTM.jpeg)
റിയാദ്: സൗദി അറേബ്യയിലെ യാംബു റോയല്‍ കമീഷനില്‍ മലയാളി കുടുംബം താമസിക്കുന്ന വില്ലയില്‍ മോഷണം. സ്വകാര്യ കമ്പനിയില്‍ ജോലിചെയ്യുന്ന കോഴിക്കോട് സ്വദേശി ഷംസുദ്ദീന്റെ റോയല്‍ കമീഷന്‍ ക്യാമ്പ് ഫൈവിലെ വീട്ടിലാണ് വെള്ളിയാഴ്ച രാത്രി ഒമ്പതോടെ കവര്‍ച്ച നടന്നത്. വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളാണ് കവര്‍ച്ച നടത്തിയത്.
ഷംസുദ്ദീനും കുടുംബവും ഷോപ്പിങ്ങിനും മറ്റാവശ്യങ്ങള്‍ക്കും വേണ്ടി പുറത്തുപോയത് മനസിലാക്കിയാണ് കള്ളന്മാര്‍ അകത്ത് കയറിയതെന്ന് മനസിലാവുന്നു. വീടിന്റെ വാതിലിന്റെ താഴ് മറ്റൊരു താക്കോല്‍ ഉപയോഗിച്ച് വിദഗ്ദമായി തുറന്നാണ് തസ്‌കരന്മാര്‍ അകത്ത് കയറിയതെന്ന നിഗമനത്തിലാണ്.
സംഭവം അറിഞ്ഞയുടനെ ഷംസുദ്ദീന്‍ പൊലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പൊലീസും ഫിംഗര്‍ പ്രിന്റ് വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.
പരിശോധനകള്‍ പൂര്‍ത്തിയാക്കിയ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാത്രി വേളയില്‍ നടന്ന മോഷണം പ്രദേശത്തെ വില്ലകളിലും ഫ്‌ലാറ്റുകളിലുമുള്ള താമസക്കാര്‍ക്ക് ഏറെ ആശങ്ക ഉണ്ടാക്കിയിരിക്കുകയാണ്.