സാഹോദര്യത്തെ ഒരു രാഷ്ട്രീയ ആശയമായി ഉയർത്തി കൊണ്ടുവരണം: പ്രവാസി വെൽഫെയർ നവോത്ഥാന സംഗമം

മുൻകാലങ്ങളെ അപേക്ഷിച്ച് മത സമൂഹങ്ങൾക്കിടയിൽ സാഹോദര്യത്തിന് വിടവ് വന്നിരിക്കുന്നത് കൊണ്ടാണ് മറ്റൊരു മതത്തിൽ പെട്ടയാൾ പ്രാർത്ഥിക്കുന്നത് കാണുമ്പോൾ പ്രത്യേക ആഹാരം കഴിക്കുന്നത് കാണുമ്പോൾ അല്ലെങ്കിൽ വേഷത്തിൽ വ്യത്യസ്തരായവരെ കാണുമ്പോൾ നമുക്ക് അസ്വസ്ഥത അനുഭവപ്പെടുനത്

New Update
SOCIAL MEET

മനാമ : തുല്യതക്കും സ്വാതന്ത്ര്യത്തിനും നിയമപരമായ പരിരക്ഷ ഉള്ളപ്പോൾ സാഹോദര്യത്തിന് അതില്ല. അതുകൂടി നേടിയെടുക്കാൻ കഴിയുമ്പോഴാണ് നവോത്ഥാനം പൂർണമാകുന്നത് എന്ന് സാമൂഹിക നിരീക്ഷകനായ സജി മാർക്കോസ് പറഞ്ഞു.

Advertisment

പ്രവാസി വെൽഫെയർ സംഘടിപ്പിച്ച കേരളീയ നവോത്ഥാനം ചരിത്രവും തുടർച്ചയും സാമൂഹിക സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മുൻകാലങ്ങളെ അപേക്ഷിച്ച് മത സമൂഹങ്ങൾക്കിടയിൽ സാഹോദര്യത്തിന് വിടവ് വന്നിരിക്കുന്നത് കൊണ്ടാണ് മറ്റൊരു മതത്തിൽ പെട്ടയാൾ പ്രാർത്ഥിക്കുന്നത് കാണുമ്പോൾ പ്രത്യേക ആഹാരം കഴിക്കുന്നത് കാണുമ്പോൾ അല്ലെങ്കിൽ വേഷത്തിൽ വ്യത്യസ്തരായവരെ കാണുമ്പോൾ നമുക്ക് അസ്വസ്ഥത അനുഭവപ്പെടുനത് എന്ന് അദ്ദേഹം പറഞ്ഞു. 


നവോത്ഥാനത്തിന്റ പലതരം അടരുകൾ ചേർന്നുണ്ടായതാണ് ഇന്ന് കാണുന്ന കേരളം. അതേ സമയം തന്നെ നവോത്ഥാനമെന്നത് ചരിത്രത്തിന്റെ ഏതോ ഒരു ഘട്ടത്തിൽ നിലച്ചു പോയ ഒരു ചരിത്ര സംഭവമല്ല. 


നൈരന്തര്യമാവശ്യപ്പെടുന്ന രാഷ്ട്രീയ പ്രക്രിയയാണ്. നവോത്ഥാന പ്രവർത്തനങ്ങളെ അനുസ്മരിക്കുന്നതിലൂടെ ഈ തുടർച്ചകളെയാണ് നാം തേടിക്കൊണ്ടിരിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.

വിവേചനങ്ങളെ ചെറുത്ത സാമൂഹിക നീതിയുടെ പോരാട്ടമാണ് കേരളീയ നവോത്ഥാനം. അരിക് വൽക്കരിക്കപ്പെട്ട മനുഷ്യരുടെ സാമൂഹിക നീതിയുടെ മുന്നേറ്റത്തിലൂടെയാണ് കേരള നവോത്ഥാനം രൂപപ്പെട്ടത്. 


സാഹോദര്യത്തിന്റെയും പങ്കുവെക്കലിന്റെയും പാരസ്പര്യത്തിന്റെയും വിളനിലം ആയിരുന്ന കേരള സമൂഹം ഇന്ന് ഭിന്നിപ്പിന്റെയും ധ്രുവീകരണത്തിന്റെയും വംശീയതയുടെയുമായ ഘടകങ്ങളെ സമൂഹത്തിലേക്ക് കൊണ്ടുവന്നിരിക്കുന്നു. 


സാഹോദര്യത്തെ ഒരു രാഷ്ട്രീയ ആശയമായി ഉയർത്തി കൊണ്ടുവരുന്നതിലൂടെ മാത്രമേ നിലനിൽക്കുന്ന സാമൂഹിക ഘടന പുനർ നിർമിക്കാൻ കഴിയൂ എന്നാണ് പ്രവാസി വെൽഫെയർ മനസിലാക്കുന്നത് എന്ന് അധ്യക്ഷ പ്രസംഗം നടത്തിയ പ്രവാസി വെൽഫെയർ പ്രസിഡൻറ് ബദറുദ്ദീൻ പൂവാർ പറഞ്ഞു.

മത നവീകരണ പ്രവർത്തനങ്ങൾക്കപ്പുറം ജാതി വിരുദ്ധതയുടെയും ജാതി നശീകരണത്തിന്റേതുമായ ഒരു ആശയതലം വികസിപ്പിച്ചു എന്നതാണ് കേരളീയ നവോത്ഥാനത്തെ ഇന്ത്യൻ നവോത്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നത് എന്ന് ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ ബിജു മലയിൽ പറഞ്ഞു. 


പരിഷ്കരണത്തിന് പകരം ഘടനാപരമായ പൊളിച്ചെഴുതലുകളാണ് കേരളീയ നവോത്ഥാനം എന്ന് അദ്ദേഹം പറഞ്ഞു. 


അനിൽ കുമാർ (കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ) പി.ടി. ജോസഫ് (സീറോ മലബാർ സൊസൈറ്റി) ജമാൽ ഇരിങ്ങൽ (ഫ്രണ്ട്‌സ് സോഷ്യൽ അസോസിയേഷൻ) എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. 

പ്രവാസി വെൽഫെയർ സെക്രട്ടറി ഇർഷാദ് കോട്ടയം നിയന്ത്രിച്ച പരിപാടിയിൽ സബീന ഖാദർ സ്വാഗതവും ഷാഹുൽ ഹമീദ് വെന്നിയൂർ നന്ദിയും പറഞ്ഞു.

Advertisment