മനാമ: ബഹ്റൈനിലെ പ്രമുഖ വ്യവസായ ഗ്രൂപ്പായ കേവൽറാം ആൻഡ് സൺസ് ഗ്രൂപ്പിന്‍റെ ചെയർമാൻ ബഗവൻദാസ് ഹരിദാസ് കേവൽറാം (ബാബു എച്ച്. കേവൽറാം- 89) ബഹ്റൈനിൽ നിര്യാതനായി.
സൽമാനിയ ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് അദ്ദേഹത്തിന്റെ മരണം. പ്രായാധിക്യം മൂലമുള്ള അവശതകളെത്തുടർന്ന് വിശ്രമത്തിലായിരുന്നു.
ബഹ്റൈനിലും ജി.സി.സിയിലും ടെക്സ്റ്റെയിൽസ്, ട്രേഡിങ്, റിയൽ എസ്റ്റേറ്റ്, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ കഴിവുതെളിയിച്ച കേവൽറാം ഗ്രൂപ്പിനെ കഴിഞ്ഞ 50 വർഷത്തിലധികമായി നയിച്ചിരുന്നത് ബാബു എച്ച്. കേവൽറാമായിരുന്നു.
ബഹ്റൈനിലെ ശ്രീനാഥ്ജി ക്ഷേത്രത്തിന്‍റെ ട്രസ്റ്റി പ്രസിഡന്‍റായി 25 വർഷത്തിലധികം പ്രവർത്തിച്ചിട്ടുണ്ട്.
1954ലാണ് ബഹ്റൈനിലെത്തുന്നത്. ശേഷം പിതാവ് കേവൽ റാമിന്‍റെ മുൻ രക്ഷാധികാരി ഹരിദാസ് കേവൽറാമിനൊപ്പം ബിസിനസിൽ ശ്രദ്ധിച്ചുതുടങ്ങി.
ദേവകി ഭായ് ഹരിദാസാണ് മാതാവ്. ഭാര്യ: രാധിഭായി ബഗവൻദാസ് ഭാട്ടിയ. മക്കൾ: നിലു, ജെയ്, വിനോദ്, അനൂപ്. സംസ്കാര ചടങ്ങ് നാളെ വെള്ളിയാഴ്ച 12.30 ന് ബഹ്റൈനിൽ നടക്കും.