മനാമ: തെറ്റായ വശത്തുകൂടെ വാഹനമോടിച്ച് അപകടമുണ്ടാക്കിയ ആളെ തടവ് ശിക്ഷയ്ക്ക് വിധിച്ച് ബഹ്റൈൻ കോടതി. ഒരു വർഷത്തേക്ക് താൽക്കാലികമായി പ്രതിയുടെ ലൈസൻസ് റദ്ദാക്കാനും വാഹനം പിടിച്ചെടുക്കാനും കോടതി ഉത്തരവിട്ടു.
തെറ്റായ വശത്തുകൂടെ വാഹനമോടിക്കുന്ന ദൃശ്യം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഗതാഗതം തടസ്സപ്പെടുത്തുക,സ്വത്തിന് കേടുപാടുകൾ വരുത്തുക,പരിക്കേൽപ്പിക്കുക എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയത്.
രണ്ട് വർഷത്തെ ശിക്ഷാ കാലാവധിക്കുശേഷമാണ് ഒരു വർഷത്തേക്ക് പ്രതിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുക.
പ്രതിയുടെ പ്രവൃത്തി സ്വന്തം ജീവനും റോഡിലുള്ള മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുന്നതായിരുന്നു എന്ന് നിരീക്ഷിച്ചാണ് കോടതി ശിക്ഷ നൽകിയത്.
അശ്രദ്ധമായ ഡ്രൈവിങ്ങിനും പൊതു സുരക്ഷയെ ബാധിക്കുന്നതുമായ നിയമലംഘനങ്ങൾക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.