യമനിലെ സമാധാന നീക്കങ്ങൾ അവതാളത്തിൽ: മാനുഷിക താല്പര്യം മുൻനിർത്തി, വിരുദ്ധ നീക്കങ്ങളെ കർശനമായി കൈകാര്യം ചെയ്യുമെന്ന് സഖ്യസേനാ വാക്താവ്

New Update
c6d8f3df-efb4-4af1-b6c0-a4600bc83268

ജിദ്ദ: ഇറാൻ അനുകൂല ഹൂഥി വിഭാഗം സായുധ നീക്കത്തിലൂടെ തലസ്ഥാനമായ സൻആ  പിടിച്ചെടുത്തതിനെ തുടർന്ന് ആഭ്യന്തര അസ്ഥിരത  രൂക്ഷമായ യമനിൽ നിന്ന്  വരുന്നത്  പിന്നെയും അസ്ഥിരതയുടെയും  അസ്വാരസ്യത്തിന്റെയും  വാർത്തകൾ.   ഹൂഥികൾക്കെതിരെ  നിയമാനുസൃത  ഭരണം പുനഃസ്ഥാപിക്കനുള്ള  സൈനിക സഖ്യത്തിൽ  ഉൾപ്പെടുന്ന   സൗദിയും  യു എ ഇയും  തമ്മിൽ  ഉടലെടുത്ത  സ്വരച്ചേർച്ചയില്ലായ്മയാണ്  പുതിയ  പ്രതിസന്ധി.

Advertisment

യമനിൽ ഒരു ഏകീകൃത ഗവൺമെന്റ് വരണമെന്നും അതിനായി   പ്രസിഡന്റ് അൽഅലിമി നയിക്കുന്ന ഔദ്യോഗിക ഭരണകൂടത്തെ പിന്തുണയ്ക്കുകയും ചെയ്യുന്ന  നിലപാടാണ്  സൗദി അറേബ്യയുടേത്.  

അതേസമയം, യു എ ഇയാകട്ടെ, ദക്ഷിണ യമനിലെ വിഘടനവാദി ഗ്രൂപ്പായ സതേൺ ട്രാൻസിഷണൽ കൗൺസിലിനെയാണ്  പിന്തുണയ്ക്കുന്നത്.  ദക്ഷിണ യമൻ ഒരു പ്രത്യേക രാജ്യമാകണമെന്ന ലക്ഷ്യമാണ് ഇവർക്കുള്ളത്.   തന്ത്രപ്രധാനമായ തുറമുഖങ്ങളിലും കടൽപ്പാതകളിലും സ്വാധീനം ഉറപ്പിക്കാനുള്ള  യു എ ഇയുടെ   നീക്കങ്ങളും  അസ്വസ്ഥത  സൃഷ്ടിക്കുകയാണ്.

എണ്ണസമ്പന്നമായ ഹദ്‌റമൗത്ത്  പ്രവിശ്യ  സംബന്ധിച്ച  നിലപാടുകളും ഇരു രാജ്യങ്ങൾക്കും  ഭിന്നമാണ്. അതുപോലെ, സൊക്കോത്ര, മയൂൻ തുടങ്ങിയ തന്ത്രപ്രധാനമായ ദ്വീപുകളിൽ  യു എ ഇ സൈനിക താവളങ്ങൾ നിർമ്മിക്കുന്നതും  സൗദിയും യു എ എയും തമ്മിലുള്ള  ഭിന്നതക്ക്  കാരണമാണ്.


അതേസമയം,  ഇന്നലെ സഖ്യസേന വക്താവ് മേജർ ജനറൽ തുർക്കി അൽമാലികി  പുറപ്പെടുവിച്ച  പ്രസ്താവന  സതേൺ ട്രാൻസിഷണൽ കൗൺസിലുമായി ബന്ധമുള്ള   സായുധ സംഘങ്ങൾ  ഹദ്രാമൗത്ത്  പ്രവിശ്യയിലെ  സാധാരണക്കാർക്കെതിരെ നടത്തുന്ന ഗുരുതരവും ഭയാനകവുമായ മനുഷ്യാവകാശ ലംഘനങ്ങൾ  സംബന്ധിച്ച്  ശക്തമായ  രീതിയിലാണ്  പ്രതികരിച്ചത്.    സാധാരണക്കാരുടെ  ജീവൻ സംരക്ഷിക്കുന്നതിനും സഖ്യസേനയുടെ  ലക്‌ഷ്യം നേടുന്നതിനായി  വിരുദ്ധ  സൈനിക നീക്കങ്ങളെ  ഉടനടി  നേരിട്ട്   കൈകാര്യം ചെയ്യുമെന്നാണ്  സഖ്യസേനയുടെ  വാക്താവ്  അൽമാലികി  പ്രസ്താവിച്ചത്.    വിരുദ്ധ  നീക്കക്കാർക്കെതിരെ  അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന്  യമൻ  പ്രസിഡണ്ട്   ഡോ. റഷാദ് അൽഅലിമി  സഖ്യസേനയോട്  അഭ്യര്ഥിച്ചിരുന്നതായും  വക്താവ്  തുടർന്നു.

നിയമാനുസൃതമായ  യമൻ സർക്കാരിനുള്ള സഖ്യസേനാ  സംയുക്ത കമാൻഡിന്റെ അചഞ്ചലവുമായ പിന്തുണ മേജർ ജനറൽ അൽമാലികി  ഊന്നിപ്പറഞ്ഞു.   കൂടാതെ ദേശീയ ഉത്തരവാദിത്തം വഹിക്കാനും സംയമനം പാലിക്കാനും സുരക്ഷയും സ്ഥിരതയും നിലനിർത്തുന്നതിനുള്ള സമാധാനപരമായ പരിഹാരങ്ങൾക്കായുള്ള ശ്രമങ്ങളോട് പ്രതികരിക്കാനും എല്ലാവരോടും  അദ്ദേഹം  ആഹ്വാനം  ചെയ്യുകയും ചെയ്തു.


മറുഭാഗത്ത്, ഹൂഥികളുമായി  സമാധാന ചർച്ചകൾ നടത്തി  സംഘർഷങ്ങൾക്ക്  അവസാനമുണ്ടാക്കാനുള്ള  ശ്രമങ്ങളിലും  സൗദി അറേബ്യ  മുഴുകിയിട്ടുണ്ട്.    തടവുകാരെ പരസ്പരം കൈമാറുന്നതും  വിശ്വാസ്യത  പുനഃസ്ഥാപിക്കലും  അവരുടെ  അജണ്ടയിൽ  പെടുന്നവയാണ്.

Advertisment