മിഷിഗണിലെ ട്രവേഴ്‌സ് സിറ്റിയിലുള്ള വോൾമാർട്ടിൽ ശനിയാഴ്ച്ച 11 പേരെ കുത്തി പരുക്കേൽപിച്ച ഒരാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു. വൈകിട്ട് അഞ്ചു മണിയോടെയാണ് പേനാക്കത്തി ഉപയോഗിച്ച് സ്ഥലവാസി ആക്രമണം നടത്തിയതെന്നു പോലീസ് പറഞ്ഞു.
കുത്തേറ്റ മൂന്നു പേരെ മുൻസൺ മെഡിക്കൽ സെന്ററിൽ ശസ്ത്രക്രിയ ചെയ്തു. മറ്റുള്ളവരുടെ നില അത്രയും ഗുരുതരമല്ല.
സ്റ്റോറിൽ പല ഭാഗത്തായി ആക്രമണം നടത്തിയ 42കാരനെ ചോദ്യം ചെയ്തു വരുന്നു. പോലീസ് എത്തുന്നതിനു മുൻപ് ആയുധധാരിയായ ഒരു സിവിലിയനാണ് അയാളെ കീഴ്പെടുത്തിയത്.
മിഷിഗൺ ഗവർണർ ഗ്രെച്ചൻ വിറ്റ്മാർ എക്‌സിൽ കുറിച്ചു: "ഞങ്ങളുടെ പ്രാർഥനകൾ പ്രാകൃതമായ ഈ അക്രമത്തിനു ഇരയായവരുടെ കൂടെയുണ്ട്. അക്രമിയെ പിടിക്കാൻ സഹായിച്ചവർക്കു നന്ദി."
എഫ് ബി ഐ അന്വേഷണത്തിൽ സഹകരിക്കുന്നുണ്ടെന്നു ഡെപ്യൂട്ടി ഡയറക്റ്റർ ഡാൻ ബെൻജിനോ പറഞ്ഞു.
പ്രത്യേകിച്ച് ആരെയും ലക്‌ഷ്യം വച്ചുള്ള ആക്രമണം ആയിരുന്നില്ലെന്നു കരുതപ്പെടുന്നു.