150,000 വിദേശ വിദ്യാർഥികൾ ഈ വർഷം യുഎസിൽ കുറയുമെന്നു റിപ്പോർട്ട്

New Update
Ftff.

യുഎസിൽ 2025-26 അധ്യയന വർഷത്തിൽ 150,000 വിദേശ വിദ്യാർഥികൾ കുറയുമെന്നു റിപ്പോർട്ട്. നാഷണൽ അസോസിയേഷൻ ഓഫ് ഫോറിൻ സ്റ്റുഡന്റ് അഡ്വൈസ്‌ഴ്‌സ്‌ (എൻ എ എഫ് എസ് എ), ജെ ബി ഇന്റർനാഷണൽ എന്നിവ ചേർന്നു നടത്തിയ വിലയിരുത്തലിലാണ് ഈ കണ്ടെത്തൽ.

Advertisment

യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് ഡാറ്റയും സ്റ്റുഡന്റ് എക്സ്ചേഞ്ച് വിസിറ്റർ ഡാറ്റയും കണക്കിലെടുത്താണ് റിപ്പോർട്ട് തയാറാക്കിയത്. മൊത്തം 15% കുറവാണ് ഈ വർഷം ഉണ്ടാവുകയെന്നു റിപ്പോർട്ടിൽ പറയുന്നു.

മഹാമാരിക്ക് ശേഷം കഴിഞ്ഞ വർഷം യുഎസ് കോളജുകളിലും യൂണിവേഴ്സിറ്റികളിലും 1.12 മില്യൺ വിദ്യാർഥികൾ എത്തിയിരുന്നു. അത് സമ്പദ് വ്യവസ്ഥയ്ക്ക് $43.8 ബില്യൺ കൊണ്ടുവന്നു. 378,000 തൊഴിലുകൾ സൃഷ്ടിക്കയും ചെയ്തു.

എൻ എ എഫ് എസ് എ പറയുന്നത് ഇക്കുറി ഇടിവുണ്ടാവുന്നത് വിസ നൽകുന്ന പ്രക്രിയയിൽ നിരവധി തടസങ്ങൾ ഉണ്ടാവുന്നതു മൂലമാണ് എന്നാണ്. മേയ് 27 മുതൽ ജൂൺ 18 വരെ സ്റ്റുഡന്റ് വിസ ഇന്റർവ്യൂ തന്നെ നിർത്തി വച്ചിരുന്നു. വീണ്ടും ആരംഭിച്ചപ്പോൾ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ പരിശോധിച്ച ശേഷം മാത്രമേ വിസ നൽകാവൂ എന്ന ചട്ടം നിലവിൽ വന്നു.  

ഏറ്റവുമധികം വിദ്യാർഥികളെ അയക്കുന്ന ഇന്ത്യ, ചൈന, നൈജീരിയ, ജപ്പാൻ എന്നീ രാജ്യങ്ങളിൽ യുഎസ് കോൺസലേറ്റുകൾക്കു അപ്പോയ്ന്റ്മെന്റ് തന്നെ ഇല്ലാത്ത സ്ഥിതിയായി.

ജനുവരി മുതൽ ഏപ്രിൽ വരെ എഫ് 1 വിസ നൽകുന്നതിൽ 2024ലെ ഈ സമയത്തു നൽകിയതിനേക്കാൾ 12% കുറവ് വന്നു. മേയിൽ വീണ്ടും 22% കുറഞ്ഞു.

ജൂണിലെ ഡാറ്റ പുറത്തു വന്നിട്ടില്ല; പക്ഷെ എൻ എ എഫ് എസ് എ കൂടുതൽ വലിയ കുറവ് പ്രതീക്ഷിക്കുന്നു. ഒരു പക്ഷെ 80-90% വരെ.

ജൂൺ 4നു പ്രസിഡന്റ് ട്രംപ് 19 രാജ്യങ്ങളിൽ നിന്നുള്ളവർക്കു വിസ നിയന്ത്രണം കൊണ്ടുവന്നത് കാലതാമസത്തിനു മറ്റൊരു കാരണമായി. 36 രാജ്യങ്ങളെ കൂടി ഈ പട്ടികയിൽ ചേർക്കുമെന്നാണ് റിപ്പോർട്ട്. ദേശരക്ഷ പരിഗണിച്ചുള്ള നടപടി ആണെങ്കിലും വിദ്യാർഥികളുടെ വരവിനെയും അതു ബാധിച്ചു.

ഈ നിരോധനങ്ങൾ കൊണ്ടുമാത്രം $3 ബില്യൺ നഷ്ടമുണ്ടെന്നു എൻ എ എഫ് എസ് എ പറയുന്നു. 25,000 ജോലികളും നഷ്ടമാവും.

വിദേശ വിദ്യാർഥികൾ 15% കുറഞ്ഞാൽ മൊത്തമുള്ളവരുടെ എണ്ണം ഏതാണ്ട് ഒരു മില്യൺ ആകും. അതിൽ നിന്നുള്ള വരുമാനം $39.2 ബില്യനായി കുറയുമ്പോൾ ഏതാണ്ട് 60,000 തൊഴിലുകൾ നഷ്ടമാവുകയും ചെയ്യും.

ഏറ്റവുമധികം വിദേശ വിദ്യാർഥികൾ എത്തുന്ന കാലിഫോർണിയ, ന്യൂ യോർക്ക്, ടെക്സസ്, മാസച്യുസെറ്സ്, ഇല്ലിനോയ്, ഫ്ലോറിഡ എന്നീ സംസ്‌ഥാനങ്ങൾക്കാണ് ഏറ്റവും നഷ്ടം ഉണ്ടാവുക. കാലിഫോർണിയക്കു മാത്രം $1 ബില്യൺ വരുമാനം കുറയും.

ട്രംപ് ഭരണകൂടത്തിന്റെ ചില നയങ്ങൾ ഭീതി ഉയർത്തിയതും വിദേശ വിദ്യാർഥികളെ പിന്തിരിപ്പിക്കുന്നു എന്നു എൻ എ എഫ് എസ് എ സൂചിപ്പിക്കുന്നുണ്ട്. കുടിയേറ്റക്കാരോടുള്ള സമീപനവും വിദ്വേഷ പ്രകടനവും ഭീതി ജനിപ്പിക്കുന്നു. അന്താരാഷ്ട്ര വിദ്യാർഥി എന്ന സ്റ്റാറ്റസ് എടുത്തു കളയുമെന്ന ഭീഷണി, അമേരിക്ക വിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ വിദ്യാർഥികളെ നാടുകടത്തുമെന്ന സ്റ്റേറ്റ് സെക്രട്ടറിയുടെ താക്കീത്, ഓ പി ടി പ്രോഗ്രാം നിർത്തുമെന്ന യുഎസ് സി ഐ എസ് മേധാവിയുടെ പ്രസ്താവം ഇവയൊക്കെ വിദേശത്തു നിന്നു വരുന്നവർക്കു ഭീതിയാണ് നൽകുന്നത്.

Advertisment