കൗഫ്മാൻ കൗണ്ടി: ടെക്സസിലെ കൗഫ്മാൻ കൗണ്ടിയിൽ വിൽസ് പോയിന്റിന് സമീപം I-20-ൽ നടന്ന വാഹനാപകടത്തിൽ അഞ്ച് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് 27-കാരനായ അലക്സിസ് ഒസ്മാനി ഗൊൺസാലസ്-കമ്പാനിയോണി അറസ്റ്റിലായിട്ടുണ്ട്.
താൻ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് കമ്പാനിയോണി ഉദ്യോഗസ്ഥരോട് പറഞ്ഞതായി കെഡിഎഫ്ഡബ്ല്യു അറിയിച്ചു. ഇയാൾ ഓടിച്ചിരുന്ന 18-വീലർ വാഹനം അഞ്ച് പേർ സഞ്ചരിച്ചിരുന്ന ഒരു പിക്കപ്പ് ട്രക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കമ്പാനിയോണിയുടെ ട്രക്ക് മറ്റ് രണ്ട് സെമി ട്രക്കുകളിലേക്കും ഇടിച്ചുകയറി. അതിലൊന്ന് നിയന്ത്രണം വിട്ട് സമീപത്തുണ്ടായിരുന്ന മൂന്ന് പാസഞ്ചർ വാഹനങ്ങളിലേക്ക് ഇടിച്ചു.
പിക്കപ്പ് ട്രക്കിലെ നാല് യാത്രക്കാരും അപകടത്തിൽപ്പെട്ട മറ്റ് വാഹനങ്ങളിലൊന്നിലെ ഒരു യാത്രക്കാരനും സംഭവസ്ഥലത്ത് വെച്ച് മരിച്ചു. ട്രക്കിലുണ്ടായിരുന്ന ഒരാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മറ്റ് രണ്ട് പേർക്ക് കൂടി പരിക്കേറ്റെങ്കിലും അവർ സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.അപകടത്തിൽ പരിക്കേറ്റവരുടെ പൂർണ്ണമായ എണ്ണം സംബന്ധിച്ച് നിലവിൽ വിവരങ്ങളൊന്നും ലഭ്യമല്ല.
കമ്പാനിയാനിക്കെതിരെ അഞ്ച് നരഹത്യ കുറ്റങ്ങളും മാരകായുധം ഉപയോഗിച്ചുള്ള ഗുരുതരമായ ആക്രമണ കുറ്റവും ചുമത്തിയിട്ടുണ്ട്. നിലവിൽ ഇയാളെ കോഫ്മാൻ കൗണ്ടി ജയിലിൽ പാർപ്പിച്ചിരിക്കുകയാണ്.