യുഎസ് നാടുകടത്തിയ 192 വെനസ്വേലൻ അനധികൃത കുടിയേറ്റക്കാർ കൂടി സ്വന്തം നാട്ടിലെത്തി. 156 പുരുഷന്മാരും 26 സ്ത്രീകളും 10 കുട്ടികളും കരകാസിൽ വിമാനമിറങ്ങിയെന്നു വെനസ്വേല അറിയിച്ചു.
ആഴ്ചയിൽ രണ്ടും മൂന്നും ഫ്ലൈറ്റുകളിൽ അനധികൃത കുടിയേറ്റക്കാരെ അയക്കുന്ന യുഎസ് ഇതുവരെ 5,475 വെനസ്വേലക്കാരെ എത്തിച്ചിട്ടുണ്ട്. അതിൽ ചിലർ മെക്സിക്കോയിലോ ഹോണ്ടുറാസിലോ പോയിട്ടാണ് വരുന്നത്.
യുഎസ് വെനസ്വേലക്കാരെ കരിതേക്കാനും കുറ്റവാളികളായി ചിത്രീകരിക്കാനും ശ്രമികയാണെന്നു വിദേശകാര്യ വകുപ്പ് കുറ്റപ്പെടുത്തി. ന്യായമായ കാരണം ഇല്ലാതെ വെനസ്വേലക്കാർക്കു വിസ നിഷേധിക്കുന്നത് പതിവായിട്ടുണ്ട്. അത് വ്യക്തമായും രാഷ്ട്രീയ കാരണങ്ങൾ കൊണ്ടാണ്.
"ഈ പ്രവർത്തനത്തിന്റെ നേതാവ് യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാർക്കോ റുബിയോ ആണ്. വെനസ്വേലൻ ജനതയോട് അദ്ദേഹത്തിനുള്ള വിദ്വേഷം അറിയപ്പെട്ട കാര്യമാണ്."
ലോകത്തിന്റെ ഏതു ഭാഗത്തും വെനസ്വേലൻ ജനതയുടെ അവകാശങ്ങളും താല്പര്യങ്ങളും സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നു ഗവൺമെന്റ് പറഞ്ഞു.
യുഎസിലേക്ക് യാത്ര ചെയ്യാനോ അവിടെ പോയി താമസിക്കാനോ ഉദ്ദേശിക്കുന്നവർക്കു ജാഗ്രതാ നിർദേശവും വിദേശകാര്യ വകുപ്പ് നൽകി. "വാഷിംഗ്‌ടണിൽ നയങ്ങൾ ആവിഷ്കരിക്കുന്നവർക്കു വെനസ്വേലൻ ജനതയോടുള്ള യുക്തിയില്ലാത്ത വിദ്വേഷം നമ്മൾ കാണുകയാണ്."
യുഎസിലേക്ക് കഴിഞ്ഞ ദിവസം പ്രസിഡന്റ് ട്രംപ് പ്രവേശനം നിഷേധിച്ച 12 രാജ്യങ്ങലിലൊന്നാണ് കമ്യൂണിസ്റ് ഭരണം നിലവിലുള്ള വെനസ്വേല.