ടെക്സസിൽ കനത്ത മഴയെ തുടർന്നു ഗ്വാഡലുപ്പേ നദി കരകവിഞ്ഞ സാൻ അന്റോണിയോയുടെ പ്രാന്ത പ്രദേശത്തെ ഹണ്ടിൽ 24 പേർ കൊല്ലപ്പെട്ടതായി അധികൃതർ സ്ഥിരീകരിച്ചു. നദീ തീരത്തു ക്യാമ്പ് മിസ്റ്റിക് എന്ന ക്രിസ്ത്യൻ സമ്മർ ക്യാമ്പിൽ നിന്നു ക്യാബിനുകൾ കുത്തിയൊലിച്ചു പോയതോടെ രണ്ടു ഡസനോളം പെൺകുട്ടികളെ കാണാതാവുകയും ചെയ്തു.
"അവരെ കണ്ടുകിട്ടില്ല എന്ന് അർഥമില്ല," ലെഫ് ഗവർണർ ഡാൻ പാട്രിക് മാധ്യമങ്ങളോട് പറഞ്ഞു. "എല്ലാവരെയും ജീവനോടെ കണ്ടെത്താൻ കഴിയണമേ എന്ന് നമ്മൾ പ്രാർഥിക്കുന്നു."
ക്യാമ്പിൽ ഉണ്ടായിരുന്ന കുട്ടികളിൽ ഒട്ടേറെപ്പേരെ രക്ഷപെടുത്താൻ കഴിഞ്ഞു. 40 ഹെലികോപ്റ്ററുകളും 12 ഡ്രോണുകളും 9 ഡൈവ് ആൻഡ് റെസ്ക്യൂ ടീമുകളും തെരച്ചിലിൽ പങ്കെടുക്കുന്നുണ്ട്.
കെർ കൗണ്ടിയിലേക്കു 300 മൈൽ അകലെ നിന്നു ഹ്യുസ്റ്റൻ ഫയർ ഫോഴ്സ് തിരച്ചിലിനും രക്ഷാ പ്രവർത്തനത്തിനും എത്തിയിട്ടുണ്ട്.
ഒട്ടേറെ ആളുകളെ പ്രളയം വന്ന ശേഷം കാണാതായെന്നു കെർ കൗണ്ടി ഷെരിഫ് ലാറി എൽ. ലെയ്‌ത പറഞ്ഞു. "ഞങ്ങൾ കഠിനമായ തെരച്ചിലാണ് നടത്തുന്നത്. ഇത് ഒന്നു രണ്ടു ദിവസമെടുക്കും."
ക്യാമ്പ് നടന്ന ഭാഗത്തു 10 ഇഞ്ച് മഴ പെയ്തെന്നു അദ്ദേഹം പറഞ്ഞു. 7 മുതൽ 17 വരെ പ്രായമുളള കുട്ടികളാണ് ക്യാമ്പിൽ പങ്കെടുത്തത്.
ആ മേഖലയിലേക്ക് യാത്ര ചെയ്യുന്നത് അപകടമാണെന്നു പാട്രിക് മാതാപിതാക്കളോട് പറഞ്ഞു. "അകന്നു നിൽക്കുന്നതാണ് നല്ലത്. കുട്ടികളെ കണ്ടെത്തിയാൽ ഉടൻ വീടുകളിൽ എത്തിക്കും."
നദീതീരത്തു ഒന്നിലേറെ ക്യാമ്പുകൾ നടക്കുന്നുണ്ടായിരുന്നു.
നദിയിൽ ഏഴര അടി വെള്ളം ഉയർന്നു 30 അടിയായി. കാറുകളും മൊബൈൽ ഭവനങ്ങളും പ്രളയത്തിൽ ഒലിച്ചു പോയി.
"പരമപ്രധാനം ജീവനുകൾ രക്ഷിക്കുക എന്നതാണ്," ടെക്സസ് ഗവർണർ ഗ്രെഗ് ആബട്ട് പറഞ്ഞു.
മധ്യ ടെക്സസിൽ വെള്ളിയാഴ്ച്ച ഉച്ച തിരിഞ്ഞു അര മില്യണിലധികം ആളുകൾക്ക് പ്രളയ താക്കീതു നൽകി.