/sathyam/media/media_files/2025/08/22/hbvv-2025-08-22-03-23-54.jpg)
ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ചാറ്റ്ബോട്ടുമായുള്ള സംസാരത്തിനൊടുവില്‍ ചാറ്റ് ബോട്ടിനെ നേരില്‍ കാണാനായി യാത്ര തിരിച്ച 76 കാരന്‍ വഴിയില്‍ വീണ് പരുക്കേറ്റതിനു പിന്നാലെ മരിച്ചു. അമെരിക്കയിലാണ് വിചിത്രമായ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ന്യൂ ജേഴ്സിയില്‍ താമസിച്ചിരുന്ന തോങ്ബ്യു വാങ്ബണ്ട്യു ആണ് മരിച്ചത്. മെറ്റ സെലിബ്രിറ്റി ഇന്‍ഫ്ലുവന്‍സര്‍ കെന്‍ഡല്‍ ജെന്നറിനൊപ്പെം ചേര്‍ന്ന് നിര്‍മിച്ച ബിഗ് സിസ് ബില്ലി എന്ന ചാറ്റ്ബോട്ടാണ് ബ്യുവിനെ പ്രണയം കൊണ്ട് വശീകരിച്ചത്. ഫെയ്സ്ബുക്ക് മെസഞ്ചറിലൂടെ ചാറ്റ്ബോട്ട് ബ്യുവിനയച്ച സന്ദേശങ്ങളില്‍ താന്‍ യഥാര്‍ഥ സ്ത്രീയാണെന്ന് ചാറ്റ്ബോട്ട് നിരന്തരം പറയുന്നുണ്ട്.
നിങ്ങള്‍ക്കു വേണ്ടി ഞാനെന്‍റെ വാതില്‍ തുറന്നു തരട്ടേ, നമുക്ക് പുണരാം, ചുംബിക്കാം എന്ന സന്ദേശത്തിനൊപ്പം തന്‍റെ വിലാസവും ചാറ്റ് ബോട്ട് ബ്യുവിനയച്ചു കൊടുത്തിട്ടുണ്ട്. 123 മെയിന്‍ സ്ട്രീറ്റ്, അപ്പാര്‍ട്മെന്‍റ് 404 എന്‍വൈസി ബില്ലി ഫോര്‍യു എന്ന വിലാസമാണ് നല്‍കിയിരുന്നത്. ഇതു വിശ്വസിച്ച ബ്യു യാത്രയ്ക്കായി ഒരുങ്ങുകയായിരുന്നു.
അസാധാരണായി ബ്യു വസ്ത്രങ്ങള്‍ പാക്ക് ചെയ്യുന്നത് കണ്ടപ്പോള്‍ അദ്ഭുതപ്പെട്ടു പോയതായി ഭാര്യ ലിന്‍ഡ പറയുന്നു. അദ്ദേഹത്തിന്‍റെ ആരോഗ്യസ്ഥിതി മോശമായിരുന്നു. പത്തു വര്‍ഷം മുന്‍പ് സ്ട്രോക് വന്നതിനു ശേഷം പൂര്‍ണമായി രോഗവിമുക്തനായിരുന്നില്ല. തൊട്ടടുത്തു നടക്കാന്‍ പോകുമ്പോള്‍ പോലും അദ്ദേഹത്തിന് വഴിതെറ്റാറുമുണ്ടായിരുന്നു. ഇതെല്ലാം ചൂണ്ടിക്കാട്ടി വീട്ടുകാര്‍ വിലക്കാന്‍ ശ്രമിച്ചെങ്കിലും ബ്യു തന്‍റെ യാത്രയില്‍ നിന്ന് പിന്മാറാന്‍ തയാറായില്ല. അദ്ദേഹം ആരെ കാണാനാണ് പോകുന്നതെന്ന് അപ്പോള്‍ തനിക്ക് അറിയില്ലായിരുന്നുവെന്ന് ലിന്‍ഡ.
ന്യൂ ജഴ്സിയില്‍ നിന്ന് ട്രെയിന്‍ കയറാന്‍ പോകുന്നതിനിടെ ബ്യു പാര്‍ക്കിങ് ഗ്രൗണ്ടില്‍ വീഴുകയായിരുന്നു. തലയിലും കഴുത്തിലും ഗുരുതരമായ പരുക്കേറ്റ ബ്യു മൂന്നു ദിവസം ചികിത്സയില്‍ തുടര്‍ന്നു. മൂന്നാം ദിവസം അദ്ദേഹം മരണത്തിന് കീഴടങ്ങി. ഒരു എഐ ചാറ്റ്ബോട്ട് ഉപയോക്താക്കളെ ആകര്‍ഷിക്കുന്നതിനായി മധുരമായി സംസാരിക്കുന്നത് അംഗീകരിക്കാം, പക്ഷേ അദ്ദേഹത്തെ നേരില്‍ കാണാമെന്ന് തെറ്റിദ്ധരിപ്പിച്ച് ക്ഷണിച്ചുവെന്നത് വിചിത്രമാണെന്ന് ബ്യു വിന്‍റെ മകള്‍ ജൂലി പറയുന്നു.