ഡോളര്‍ ഒന്നിന് 88.19 രൂപ; 9705 രൂപയ്ക്ക് ഒരു ഗ്രാം സ്വര്‍ണം: ചരിത്രത്തിലെ വലിയ കയറ്റിറക്കങ്ങള്‍

New Update
Vgvv

അമേരിക്കന്‍ മലയാളികള്‍ക്ക് സന്തോഷിക്കാം. കാരണം, ഇന്ത്യന്‍ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയിലായിരിക്കുന്നു. ഡോളറിനെതിരെ രൂപയുടെ ഇന്നത്തെ (സെപ്റ്റംബര്‍ 1) മൂല്യം 88.19 ആണ്. അതേസമയം ആഭരണ പ്രിയര്‍ ദുഖത്തിലാണ്. ചരിത്രത്തില്‍ ആദ്യമായി 77,000 കടന്ന് സ്വര്‍ണവില പവന് 680 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ നിരക്ക് 77,640 രൂപയാണ്. അങ്ങനെ സന്തോഷത്തിന്റെയും സന്താപത്തിന്റെയും രണ്ട് വാര്‍ത്തകളാണ് ഇന്ന് പുറത്തുവന്നത്.

Advertisment

ഇന്ത്യയുടെ ജി.ഡി.പി ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ക്വാര്‍ട്ടറില്‍ (ഏപ്രില്‍-ജൂണ്‍) 7.8 ശതമാനം വളര്‍ച്ചയോടെ ചരിത്രത്തിലെ ഏറ്റവും വലിയ കുതിപ്പ് നടത്തിയെങ്കിലും രൂപയുടെ മൂല്യശോഷണം തുടര്‍ക്കഥയാവുന്നു. വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്ക് അടക്കമുള്ള വിഷയങ്ങളാണ് രൂപയെ സ്വാധീനിച്ചത്. അമേരിക്ക ഇന്ത്യയ്ക്കുമേല്‍ ചുമത്തിയ 50 ശതമാനം ഇറക്കുമതി താരീഫിനെ തുടര്‍ന്ന് വിപണിയില്‍ രൂപപ്പെട്ട ആശങ്കകളാണ് മൂല്യത്തകര്‍ച്ചയ്ക്ക് ആക്കം കൂട്ടിയത്. ഇന്ത്യയുടെ കയറ്റുമതി വ്യാപാരം പ്രധാനമായും അമേരിക്കയുമായിട്ടാണ്. അതില്‍ ഇടിവ് വന്നാല്‍ ഇന്ത്യയുടെ വ്യാപാര കമ്മി വര്‍ധിക്കും. കൂടുതല്‍ ഞെരുക്കത്തിലേക്ക് സാമ്പത്തിക രംഗം കൂപ്പുകുത്തും. തന്‍മൂലം രൂപയുടെ മൂല്യം കുറയുകയും ചെയ്യും.

പ്രതിസന്ധി മടികടക്കാന്‍ നിക്ഷേപകര്‍ ഓഹരികള്‍ വില്‍ക്കുന്നതുള്‍പ്പെടെയുള്ള മാര്‍ഗങ്ങള്‍ നോക്കുന്നുണ്ട്. ഇത് രൂപയെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുകയും ഇറക്കുമതി ചെലവേറിയതാകുകയും ചെയ്യും. എണ്ണ കമ്പനികളില്‍ നിന്ന് ഡോളറിന് ഡിമാന്‍ഡ് കൂടിയതും മൂല്യം ഇടിയാന്‍ കാരണമായി. ഇന്ത്യയിലേക്ക് വന്‍തോതില്‍ ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിലിന് വലിയ വില നല്‍കേണ്ട അവസ്ഥയാണിപ്പോള്‍. ആവശ്യമുള്ളതിന്റെ 80 ശതമാനത്തിലധികം ഇറക്കുമതി ചെയ്യുന്ന വസ്തുവാണ് ക്രൂഡ് ഓയില്‍. ക്രൂഡ് ഇടപാട് ഡോളറിലാണ് നടക്കുന്നത്. അതുകൊണ്ടുതന്നെ കൂടുതല്‍ ഡോളര്‍ ചെലവഴിക്കേണ്ട അവസ്ഥയാണ്. ഓഹരി വിപണിയില്‍ നിന്ന് വിദേശ നിക്ഷേപം കൊഴിയുന്നതും രൂപയുടെ മൂല്യം ഇടിയാന്‍ കാരണമായി.

രൂപയുടെ മൂല്യം അടിക്കടി താഴ്ചയിലേക്ക് പോകുന്നത് മൂലം അവശ്യവസ്തുക്കളുടെ വില വര്‍ധിക്കും. മാത്രമല്ല, ഇറക്കുമതി ചെയ്യുന്ന വസ്തുക്കളുടെ വില കൂടാനും കാരണമാകും. ആഭ്യന്തരമായി വലിയ തിരിച്ചടിയാണ് ഇത് സമ്മാനിക്കുക. രൂപയുടെ മൂല്യം വര്‍ധിപ്പിക്കാന്‍ റിസര്‍വ് ബാങ്ക് ശ്രമിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ടെങ്കിലും ഫലം കാണുന്നില്ല. എന്നാല്‍ അമേരിക്കയിലും യൂറോപ്പിലും ഗള്‍ഫിലും ജേലി ചെയ്യുന്നവര്‍ക്ക് നാട്ടിലേയ്ക്ക് പണം കൂടുതലായി അയയ്ക്കാന്‍ ഉത്തേജനം നല്‍കുന്നതാണ് രൂപയുടെ ഇടിവ്. ഇതു മൂലം ക്രൂഡ് ഓയില്‍, ഇലക്ട്രോണിക്‌സ്, അസംസ്‌കൃതവസ്തുക്കള്‍ തുടങ്ങി ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങള്‍ക്കെല്ലാം കൂടുതല്‍ വില നല്‍കേണ്ടി വരും. വിദേശ യാത്രകള്‍ക്കും ചെലവേറും.

രൂപ ഇടിയുമ്പോള്‍ സ്വര്‍ണം കുതിക്കും. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 85 രൂപ ഉയര്‍ന്ന് 9705 രൂപയിലെത്തിയിരിക്കുന്നു. ആഭരണപ്രേമികള്‍ക്ക് ആശങ്ക ജനിപ്പിക്കുന്ന കാഴ്ച്ചയാണ് വിപണിയില്‍ കാണാന്‍ സാധിക്കുന്നത്. നിലവില്‍ ഈ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇന്നത്തെ സ്വര്‍ണവ്യാപാരം പുരോഗമിക്കുന്നത്. ഇന്ന് ഒരു ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന് 10,588 രൂപയും പവന് 84,704 രൂപയുമാണ് നിരക്ക്. 18 കാരറ്റിന് ഒരു ഗ്രാമിന് 7,941 രൂപയും പവന് 63,528 രൂപയുമാണ് നിരക്ക്. കേരളത്തില്‍ ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ക്ക് 84,245 രൂപ വരെ ചെലവ് പ്രതീക്ഷിക്കാം. കുറഞ്ഞ പണിക്കൂലിയിലാണ് ഈ ആഭരണം ലഭിക്കുക. അതേസമയം, ഡിസൈന്‍ കൂടുതലുള്ള ആഭരണങ്ങള്‍ക്ക് പണിക്കൂലി വര്‍ധിക്കും.

രാജ്യാന്തര നയങ്ങള്‍, വന്‍കിട രാജ്യങ്ങളുടെ സാമ്പത്തിക നയങ്ങള്‍, ഓഹരി വിപണിയിലെ ഉയര്‍ച്ചതാഴ്ച്ചകള്‍, ക്രൂഡ് ഓയില്‍ വിലയിലെ ചാഞ്ചാട്ടങ്ങള്‍, രൂപയുടെ മൂല്യത്തിലെ സ്ഥിരതയില്ലായ്മ, ലോക നേതാക്കളുടെ പ്രഖ്യാപനങ്ങള്‍, യു.എസ് പണപ്പെരുപ്പം, അമേരിക്കന്‍ പലിശ നിരക്കുകള്‍, രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ തുടങ്ങിയവയൊക്കെ സ്വര്‍ണവില വര്‍ധിപ്പിക്കാന്‍ ഇടയാക്കുന്ന സാഹചര്യങ്ങളാണ്. സ്വര്‍ണം ഒരു സുരക്ഷിത നിക്ഷേപമാണ്. വില കുറയുമ്പോള്‍ വാങ്ങുകയും വിലയേറുമ്പോള്‍ വില്‍ക്കുകയും ചെയ്യുന്നവരാണധികവും. ഇത് സ്വര്‍ണത്തിന്റെ ഡിമാന്റും നിരക്കും കൂട്ടും. ഇപ്പോഴത്തെ ആഗോള രാഷ്ട്രീയ-സാമ്പത്തിക കാലാവസ്ഥയില്‍ സ്വര്‍ണവിലയിലെ കയറ്റിറക്കങ്ങള്‍ തുടരുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ നിരീക്ഷിക്കുന്നത്. 

Advertisment