/sathyam/media/media_files/2025/09/07/cccx-2025-09-07-03-19-30.jpg)
മനുഷ്യക്കടത്തു നടത്തിയെന്നു ട്രംപ് ഭരണകൂടം ആരോപിക്കുന്ന മെരിലാൻഡ് നിവാസി കിൽമാർ അബ്‌റീഗോ ഗാർഷ്യയെ ആഫ്രിക്കയിലെ കൊച്ചു രാജ്യമായ എസ്വതിനിയിലേക്കു നാടു കടത്താൻ സാധ്യത. കുറ്റം സമ്മതിച്ചാൽ കോസ്റ്റ റിക്കയിൽ പോയി സുഖമായി ജീവിക്കാമെന്ന വാഗ്‌ദാനം ഗാർഷ്യ തള്ളിയതിനെ തുടർന്നാണ് ഈ നീക്കം.
എൽ സാൽവദോർ സ്വദേശിയായ ഗാർഷ്യ അവിടത്തെ കുപ്രസിദ്ധ എം എസ്-13 സംഘത്തിൽ അംഗമാണെന്നു ആരോപിക്കുന്ന ഭരണകൂടം മാർച്ചിൽ അദ്ദേഹത്തെ 'അബദ്ധത്തിൽ' അവിടേക്കു നാടുകടത്തിയിരുന്നു. എന്നാൽ യുഎസ് സുപ്രീം കോടതി വിധി മാനിച്ചു സാൽവദോർ ജൂണിൽ അദ്ദേഹത്തെ തിരിച്ചയച്ചു.
മെരിലാൻഡിൽ ഭാര്യയും മൂന്നു കുട്ടികളുമുള്ള ഗാർഷ്യയെ (30) നാടു കടത്തുന്നത് കോടതി വിലക്കിയിട്ടുണ്ട്. യുഗാണ്ടയിലേക്കു അയക്കാൻ ശ്രമിച്ചപ്പോഴാണ് ആ വിലക്കുണ്ടായത്. യുഗാണ്ട ഉൾപ്പെടെ 22 രാജ്യങ്ങളിൽ താൻ പീഡനം നേരിടുമെന്ന ആശങ്ക ഗാർഷ്യ അറിയിച്ചതിനെ തുടർന്നാണ് എസ്വതിനി നിർദേശിച്ചത്. അവിടേക്കു നാടുകടത്തുമെന്നു വെള്ളിയാഴ്ച്ച ഗാർഷ്യക്ക് ഇമെയിൽ ലഭിച്ചു.
രാജവാഴ്ച്ച നിലവിലുള്ള ഏക ആഫ്രിക്കൻ രാജ്യമായ എസ്വതിനിയിലേക്ക് അഞ്ചു പേരെ ട്രംപ് ഭരണകൂടം നേരത്തെ അയച്ചിരുന്നു. മൊസാമ്പിക്കുമായി അതിർത്തി പങ്കിടുന്ന രാജ്യത്തെ രാജാവിന് 16 ഭാര്യമാരും ഡസൻ കണക്കിനു മക്കളുമുണ്ട്. പരമ ദരിദ്രമായ രാജ്യവുമാണിത്.