/sathyam/media/media_files/2026/02/25/g-2026-02-25-03-31-29.jpg)
മയാമി: നോർത്ത് മയാമി മുൻ മേയർ ഫിലിപ്പ് ബിയൻ-ഐമിന്റെ യുഎസ് പൗരത്വം റദ്ദാക്കുന്നതിനായുള്ള സിവിൽ ഡീനാച്വറലൈസേഷൻ കേസ് ഫയൽ ചെയ്തതായി അധികൃതർ അറിയിച്ചു. മയാമി ഫെഡറൽ ജില്ലാ കോടതിയിലാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.
യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസും (യുഎസ് സിഐഎസ്) യുഎസ് ഡിപ്പാർട്മെന്റ് ഓഫ് ജസ്റ്റിസും ചേർന്നാണ് അന്വേഷണം നടത്തിയത്. ഹെയ്തി സ്വദേശിയായ ബിയൻ-ഐം അമേരിക്കയിൽ നിയമവിരുദ്ധമായി പ്രവേശിച്ച ശേഷം രണ്ട് വ്യത്യസ്ത തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് കുടിയേറ്റ ആനുകൂല്യങ്ങളും പിന്നീട് പൗരത്വവും നേടിയെന്നാണ് പരാതിയിൽ ആരോപിക്കുന്നത്.
രണ്ട് പേരുകളിലായി നൽകിയ വിരലടയാളങ്ങളുടെ താരതമ്യം വഴിയാണ് തട്ടിപ്പ് പുറത്തുവന്നത്. പരാതി പ്രകാരം, ജീൻ ഫിലിപ്പ് ജാൻവിയെർ എന്ന പേരിൽ ഫോട്ടോ മാറ്റിയ പാസ്പോർട്ട് ഉപയോഗിച്ചാണ് ഇയാൾ അമേരിക്കയിൽ പ്രവേശിച്ചത്. 2001-ൽ ജാൻവിയെർ എന്ന ഐഡി നീക്കം ചെയ്‌തു. പിന്നീട് ഹെയ്തിയിലേക്ക് മടങ്ങിയാതായി അറിയിച്ചെങ്കിലും അദ്ദേഹം അമേരിക്കയിൽ തന്നെയുണ്ടായിരുന്നു. പുതിയ പേരും ജനനത്തീയതിയും ഉപയോഗിച്ച് യുഎസ് പൗരത്വമുള്ള സ്ത്രീയെ വിവാഹം ചെയ്ത് സ്ഥിരതാമസ പദവി നേടി എന്നാണ് ആരോപണം.
അത്തരം വിവാഹം വ്യാജവും അസാധുവുമാണെന്ന് അധികൃതർ പറയുന്നു. കാരണം അദ്ദേഹം ഇതിനകം ഹെയ്തി സ്വദേശിനിയുമായി വിവാഹിതനായിരുന്നു. കുടിയേറ്റവും പൗരത്വ നടപടികളിലും തെറ്റായ വിവരങ്ങളും വ്യാജ പ്രസ്താവനകളും നൽകിയ ശേഷം 2006-ൽ ഫിലിപ് ബിയൻ-ഐം എന്ന പേരിൽ പൗരത്വം നേടിയെന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്. സത്യവാങ്മൂലത്തിൽ തെറ്റായ വിവരങ്ങൾ നൽകിയെന്നും കുട്ടികളെയും മുൻ താമസ വിലാസങ്ങളെയും കുറിച്ച് തെറ്റായ സാക്ഷ്യങ്ങൾ നൽകിയെന്നും ആരോപണമുണ്ട്.
കേസ് ഹോംലാൻഡ് സെക്യൂരിറ്റിയുടെ കീഴിലുള്ള യുഎസ് സി ഐ എസ് അന്വേഷിച്ചതാണ്. ജസ്റ്റിസ് ഡിപ്പാർട്ട്മെന്റിന്റെ സിവിൽ ഡിവിഷനിലെ ഓഫീസ് ഓഫ് ഇമിഗ്രേഷൻ ലിറ്റിഗേഷനും ഫ്ലോറിഡയുടെ സൗത്ത് ഡിസ്ട്രിക്ട് യുഎസ് അറ്റോർണി ഓഫിസും കേസ് കൈകാര്യം ചെയ്യും.
പരാതിയിൽ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ തെളിയിക്കപ്പെടുന്നതുവരെ ഇദ്ദേഹത്തെ നിരപരാധിയായാണ് നിയമം കണക്കാക്കുക.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us