/sathyam/media/media_files/2025/07/20/jhhffc-2025-07-20-05-00-23.jpg)
ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീന് എതിരായ കേസിൽ ഗ്രാൻഡ് ജൂറിക്കു മുന്നിൽ നടന്ന വിചാരണയുടെ രേഖകൾ പുറത്തു വിടാൻ മൻഹാട്ടൻ ഫെഡറൽ ജഡ്‌ജ് മുൻപാകെ ട്രംപ് ഭരണകൂടം അപേക്ഷ നൽകി. എപ്‌സ്റ്റീന്റെ കൂട്ടുപ്രതി ഗിസ്‌ലെയ്ൻ മാക്സ്വെല്ലിന്റെ വിചാരണ വിവരങ്ങൾ പുറത്തു വിടാനും അനുമതി തേടിയിട്ടുണ്ട്.
ഈ കേസുകളിൽ ശക്തമായ പരസ്യ വിലയിരുത്തൽ ആവശ്യമാണെന്ന് അപേക്ഷകളിൽ പറയുന്നു. ജൂലൈ 6നു ജസ്റ്റിസ് ഡിപ്പാർട്മെന്റ് പറഞ്ഞത് എപ്‌സ്റ്റീൻ കേസിൽ കൂടുതലൊന്നും വെളിപ്പെടുത്താനില്ല എന്നായിരുന്നു. എന്നാൽ അതിനു ശേഷം ഈ വിഷയത്തിൽ ജനങ്ങൾക്ക് ഏറെ താല്പര്യം ഉണ്ടായെന്നു അറ്റോണി ജനറൽ പാം ബോണ്ടി അപേക്ഷയിൽ പറയുന്നു.
ജനങ്ങളുടെ മുന്നിൽ സുതാര്യത ഉറപ്പാക്കാൻ ഭരണകൂടം ഏറ്റവും പ്രാധാന്യം കല്പിക്കുന്നു എന്നവർ വിശദീകരിക്കുന്നു.
20 വർഷത്തെ തടവ് ശിക്ഷ വിധിക്കപ്പെട്ട മാക്‌സ്‌വെൽ അപ്പീൽ കൊടുത്തിട്ടുണ്ട്. എപ്‌സ്റ്റീൻ 66 വയസിൽ ജയിലിൽ കിടന്നു മരിച്ചു. ഉന്നത വ്യക്തികൾക്ക് ചെറിയ പെൺകുട്ടികളെ എത്തിച്ചു കൊടുത്തിരുന്നു എന്നു ആരോപിക്കപ്പെട്ട അയാൾ ആ വ്യക്തികളുടെ പട്ടിക സൂക്ഷിച്ചിരുന്നു എന്ന ആരോപണവുമുണ്ട്. ആ പട്ടിക പുറത്തു വിടണം എന്ന ആവശ്യം ശക്തമാണ്.
ആയിരത്തിലധികം പെൺകുട്ടികളെ ഇരകളാക്കി എന്ന് കരുതപ്പെടുന്ന എപ്‌സ്റ്റീൻ ഫ്ലോറിഡ കോടതിയിൽ കുറ്റം സമ്മതിച്ചിരുന്നു. മുൻ പ്രസിഡന്റ് ബിൽ ക്ലിന്റൺ, മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗെയ്‌റ്റ്‌സ്, ബ്രിട്ടനിലെ ആൻഡ്രൂ രാജകുമാരൻ എന്നിവർ അയാളുടെ അറിയപ്പെട്ട സുഹൃത്തുക്കളിൽ ഉൾപ്പെടുന്നു.
പ്രസിഡന്റ് ട്രംപിന്റെ പേര് എപ്‌സ്റ്റീന്റെ പട്ടികയിൽ ഉണ്ടെന്നു ശതകോടീശ്വരൻ എലോൺ മസ്‌ക് ആരോപിച്ചിരുന്നു.
കൂടുതലൊന്നും വെളിപ്പെടുത്താനില്ല എന്ന ജൂലൈ 6ലെ ജസ്റ്റിസ് ഡിപ്പാർട്മെന്റ് പ്രസ്താവനയ്ക്ക് ശേഷം ഇനിയും വിവരങ്ങൾ കിട്ടണമെന്ന് യുഎസ് ഹൗസ് സ്‌പീക്കർ മൈക്ക് ജോൺസണും സെനറ്റ് റിപ്പബ്ലിക്കൻ നേതാവ് ജോൺ തൂണും ആവശ്യപ്പെട്ടതും സമമർദം കൂട്ടിയപ്പോഴാണ് ഫയലുകൾ പുറത്തു വിടാൻ ട്രംപ് ബോണ്ടിയോടു നിർദേശിച്ചത്.