/sathyam/media/media_files/2025/03/08/Ss5mqQzJ4GxvArtP2TAO.jpg)
ഷിക്കോഗോ : അമേരിക്കയിലെ ഷിക്കാഗോയിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം 10 മണിക്കൂറോളം പറന്നതിനു ശേഷം തിരിച്ചിറക്കി. വ്യാഴാഴ്ച സാങ്കേതിക തകരാറുകൾ മൂലമാണ് വിമാനം തിരിച്ചിറക്കേണ്ടി വന്നതെന്ന് വിമാന കമ്പനി അറിയിച്ചു. എന്നാൽ വിമാനത്തിലെ ശുചിമുറികൾ തകരാറിലായതിനെ തുടർന്ന് പാതിവഴിയിൽ തിരികെ പറക്കേണ്ടി വന്നതെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ഷിക്കാഗോ ഒആർഡി വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട ബോയിങ് 777-337 ഇആർ വിഭാഗത്തിൽപ്പെട്ട എയർ ഇന്ത്യ വിമാനമാണ് 10 മണിക്കൂറിലേറെ പറന്നശേഷം പുറപ്പെട്ട സ്ഥലത്തു തന്നെ തിരിച്ചിറങ്ങിയത്. ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ്, ഇക്കണോമി ക്ലാസ് എന്നിവയിലായി 340 സീറ്റുകളുള്ള ഈ വിമാനത്തിൽ 10 ശുചിമുറികളാണുള്ളത്. ഇവയിൽ രണ്ടെണ്ണം ഫസ്റ്റ് ക്ലാസ് യാത്രക്കാർക്ക് വേണ്ടിയുള്ളതാണ്. എന്നാൽ ഇതിൽ ഒരു ശുചിമുറി മാത്രമേ ഉപയോഗയോഗ്യമായിട്ടുണ്ടായിരുന്നുള്ളൂ എന്നാണ് റിപ്പോർട്ട്.
ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ എയർ ഇന്ത്യ അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ മാർച്ച് 6ന് ഷിക്കാഗോയിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട എ.ഐ 126 വിമാനം സാങ്കേതിക കാരണംകൊണ്ട് തിരിച്ചിറക്കി എന്നാണ് എയർ ഇന്ത്യ വക്താവ് പറഞ്ഞത്. ഷിക്കാഗോയിൽ ലാൻഡ് ചെയ്തതിന് പിന്നാലെ യാത്രക്കാർക്ക് താമസ സൗകര്യം ഏർപ്പെടുത്തി. യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്നും എയർ ഇന്ത്യ വക്താവ് അറിയിച്ചു. യാത്രക്കാർ തിരഞ്ഞെടുക്കുന്ന പക്ഷം ടിക്കറ്റ് റദ്ദാക്കി മുഴുവൻ തുകയും തിരികെ നൽകുകയോ അല്ലെങ്കിൽ മറ്റൊരു ദിവസത്തേക്ക് യാത്ര പുനഃക്രമീകരിച്ച് നൽകുകയോ ചെയ്യുമെന്നും എയർ ഇന്ത്യ വക്താവ് പറഞ്ഞു.
അപ്രതീക്ഷിത തിരിച്ചുവരവിനെ തുടർന്ന് എല്ലാ യാത്രക്കാരും ജീവനക്കാരും സാധാരണഗതിയിൽ ഇറങ്ങി. ബുദ്ധിമുട്ടിലായ യാത്രക്കാർക്ക് അവരുടെ സൗകര്യക്കുറവ് കുറയ്ക്കുന്നതിന് എയർ ഇന്ത്യ താമസ സൗകര്യം ഒരുക്കി. യാത്രക്കാർ എത്രയും വേഗം ലക്ഷ്യസ്ഥാനത്ത് എത്തുന്നുവെന്ന് ഉറപ്പാക്കാൻ ബദൽ യാത്രാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് എയർലൈൻ പ്രസ്താവനയിൽ അറിയിച്ചു. യാത്രക്കാർക്ക് റദ്ദാക്കലുകൾക്ക് മുഴുവൻ തുകയും തിരികെ നൽകുമെന്നും സൗജന്യമായി പുനഃക്രമീകരണം അനുവദിക്കുമെന്നും എയർ ഇന്ത്യ പ്രഖ്യാപിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us