വാഷിങ്ടൺ: അമേരിക്കൻ ശതകോടീശ്വരനും ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്സ്റ്റീന്റെ കേസുമായി ബന്ധപ്പെട്ട ഫയലുകളിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പേര് ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് അവകാശപ്പെട്ട എക്‌സ് പോസ്റ്റ് ടെക് ടൈറ്റൻ എലോൺ മസ്‌ക് ഡിലീറ്റ് ചെയ്തു.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഇരുവരും സോഷ്യൽ മീഡിയയിൽ വാഗ്വാദങ്ങൾ നടത്തി തെറ്റിപ്പിരിഞ്ഞതിന് പിന്നാലെ ട്രംപിനെതിരേ ഗുരുതരമായ പല ആരോപണങ്ങളും ഉന്നയിച്ച് മസക് രംഗത്ത് വന്നിരുന്നു. അതിൽ ഏറ്റവും ഗൗരവകരമായ വിഷയമായിരുന്നു എപ്സ്റ്റീന്റെ സെക്സ് ടേപ്പുമായി ബന്ധപ്പെട്ട ആരോപണം.
എപ്സ്റ്റീന്റെ ബാലപീഡന പരമ്പരയിൽ ട്രംപിനും പങ്കുണ്ട് എന്നായിരുന്നു മസ്ക് വ്യാഴാഴ്ച എക്സിൽ കുറിച്ചത്. ആ കേസിന്റെ റിപ്പോർട്ട് ട്രംപ് രഹസ്യമാക്കി വെച്ചിരിക്കുന്നതും പുറത്ത് വിടാത്തതും അതുകൊണ്ടാണെന്നും മസ്ക് പോസ്റ്റിലൂടെ ആരോപിച്ചിരുന്നു. ബിഗ് ബോംബ് എന്ന് വിശേഷിപ്പിച്ചാണ് മസ്ക് ഈ പോസ്റ്റ് എക്സിൽ പങ്കുവെച്ചത്.
അതേസമയം, സർക്കാരിന്റെ സമ്മർദ്ദത്തിന് വഴങ്ങിയാണ് മസ്ക് തന്റെ ആരോപണത്തിൽ നിന്ന് പിൻവാങ്ങിയതെന്നും അഭ്യൂഹങ്ങളുണ്ട്. ട്രംപിനെതിരേ മസ്ക് രംഗത്ത് വന്നതോടെ പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാർട്ടിയടക്കം ഈ വിഷയം ഏറ്റെടുത്തിരുന്നു. എപ്സ്റ്റീൻ ഫയലുകൾ പുറത്തുവിടണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തുകയും വിഷയത്തിൽ അന്വേഷണം വേണമെന്ന് എഫ്ബിഐയോടും നീതിന്യായ വകുപ്പിനോടും ആവശ്യപ്പെട്ടുവെന്നുമാണ് റിപ്പോർട്ട്.