കാനഡയിലെ സ്കൂളിൽ വൻ ഡാറ്റാ മോഷണവും സൈബർ ഭീഷണിയും; അമേരിക്കൻ പൗരന് നാല് വർഷം തടവ്

New Update
Bhb

ഓട്ടവ: കാനഡയിലെ സ്കൂൾ വിവര സംവിധാനമായ പവർസ്കൂൾ കേന്ദ്രീകരിച്ച് വൻ ഡാറ്റാ മോഷണവും സൈബർ ഭീഷണിയും നടത്തിയ അമേരിക്കൻ പൗരന് നാല് വർഷം തടവ്. കേസിൽ പ്രതിയായ മാത്യു ഡി ലെയ്ൻ, മാസാച്യുസെറ്റ്സ് കോടതിയിൽ കുറ്റം സമ്മതിക്കുകയായിരുന്നു.

Advertisment

കഴിഞ്ഞ വർഷം ഡിസംബർ 22 നും 28 നും ഇടയിലാണ് കാനഡയിലുടനീളമുള്ള (ന്യൂഫിൻലൻഡ് ആൻഡ് ലബ്രഡോർ, നോവസ്കോഷ, ഒന്റാരിയോ, ആൽബർട്ട പ്രവിശ്യകളിലെ) സ്കൂൾ ബോർഡുകളെ ബാധിച്ച ഡാറ്റാ ചോർച്ച നടന്നത്. മോഷ്ടിച്ച വിവരങ്ങൾ നശിപ്പിക്കണമെങ്കിൽ 285 കോടി ഡോളർ ബിറ്റ്കോയിനായി ആവശ്യപ്പെട്ട് ലെയ്ൻ ഭീഷണി സന്ദേശം അയച്ചിരുന്നു. ചോർത്തിയ വിവരങ്ങളിൽ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും പേരുകൾ, ഇമെയിൽ വിലാസങ്ങൾ, മെഡിക്കൽ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്നു.

അതേസമയം, മോഷ്‌ടിച്ച വിവരങ്ങൾ പുറത്തുപോകാതിരിക്കാൻ പവർസ്കൂൾ കമ്പനി മോചനദ്രവ്യം നൽകിയിരുന്നു. എന്നാൽ, നൽകിയ തുക എത്രയാണെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. നീതിന്യായ വ്യവസ്ഥയുടെ ഇടപെടലിനെ പവർസ്കൂൾ അഭിനന്ദിച്ചു. കാനഡയിലെ ഫെഡറൽ പ്രൈവസി വാച്ച്ഡോഗ് ഈ ഡാറ്റാ ചോർച്ചയെക്കുറിച്ച് അന്വേഷണം ആരംഭിച്ചിരുന്നു.

എന്നാൽ, കമ്പനിയുടെ പ്രതികരണത്തിലും സുരക്ഷാ നടപടികൾ ശക്തമാക്കിയതിലും തൃപ്തി രേഖപ്പെടുത്തി പ്രൈവസി കമ്മീഷണർ ഫിലിപ്പ് ഡഫ്രെനെ ജൂലൈയിൽ അന്വേഷണം അവസാനിപ്പിച്ചു. 2026 മാർച്ചിനകം സ്വതന്ത്ര സുരക്ഷാ വിലയിരുത്തൽ റിപ്പോർട്ട് കമ്മീഷണർക്ക് നൽകുമെന്ന് പവർസ്കൂൾ അറിയിച്ചിട്ടുണ്ട്.

Advertisment