യുഎസ് തീരുവകൾക്കു ബദലായി തിങ്കളാഴ്ച്ച മുതൽ നടപ്പിൽ വരേണ്ട തീരുവ മരവിപ്പിക്കുന്നതായി യൂറോപ്യൻ യൂണിയൻ ശനിയാഴ്ച്ച പ്രഖ്യാപിച്ചു. ഓഗസ്റ്റ് 1നു മുൻപായി വ്യാപാര കരാർ ഉണ്ടാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണിത്.
യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലേയെൻ ഞായറാഴ്ച്ച മാധ്യമങ്ങളോടു പറഞ്ഞു: "ഇത് ചർച്ചകൾക്കുള്ള സമയമാണ്."
അമേരിക്കയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയും ലോകത്തെ ഏറ്റവും വലിയ വ്യാപാര സമൂഹവുമാണ് 27 രാജ്യങ്ങൾ ഉൾപ്പെട്ട ഇ യു. അവരുടെ ബദൽ തീരുവകൾ തിങ്കളാഴ്ച്ച അർധരാത്രി നടപ്പിൽ വരേണ്ടതായിരുന്നു.
എന്നാൽ പ്രസിഡന്റ് ട്രംപ് ഓഗസ്റ്റ് 1 വരെ ചർച്ചകൾക്ക് അനുവദിച്ചിട്ടുള്ളതിനാൽ ഇ യു തീരുവ നടപ്പാക്കുന്നത് നീട്ടി വയ്ക്കുന്നുവെന്നു വോൺ ഡെർ ലേയെൻ പറഞ്ഞു. "ചർച്ചകളിൽ പരിഹാരം ഉണ്ടാക്കുന്നതാണ് നമുക്ക് താല്പര്യം. എന്നാൽ അത് നടന്നില്ലെങ്കിൽ മറ്റു നടപടികൾ തീരുമാനിച്ചിട്ടുണ്ട്.
മരുന്നുകളും കാറുകളും വിമാനങ്ങളും മെഡിക്കൽ ഉപകരണങ്ങളും വീഞ്ഞും മദ്യവുമാണ് ഇ യു അമേരിക്കയിലേക്ക് ഏറ്റവുമധികം അയക്കുന്നത്.
ഇറ്റാലിയൻ സാമ്പത്തികകാര്യ മന്ത്രി അന്റോണിയോ തജാനി തിങ്കളാഴ്ച്ച വാഷിംഗ്‌ടണിൽ ചർച്ചയ്ക്കു എത്തുന്നുണ്ട്. പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ വലതുപക്ഷ ഗവൺമെന്റ് യുഎസിനും യുറോപ്പിനുമിടയിൽ മധ്യസ്ഥത ഏറെറടുത്തിട്ടുണ്ട്.
ഇ യു വ്യാപാര മന്ത്രിമാർ തിങ്കളാഴ്ച്ച യോഗം ചേർന്നു കാര്യങ്ങൾ വിലയിരുത്തും. യുഎസ് നിലപാടുമായി ഒത്തുപോകാൻ കഴിയില്ലെങ്കിൽ ചൈനയുമായി ബന്ധങ്ങൾ ഉഷാറാക്കാൻ ആലോചനയുണ്ട്.