/sathyam/media/media_files/2025/04/19/iAfg9Vl9PfnbxBPA1kNM.jpg)
വാഷിങ്ടണ്‍: പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ ആദ്യ ഏഴു മാസത്തെ ഭരണത്തില്‍ യുഎസിലെ തൊഴില്‍ വിപണി ദുര്‍ബലമായി. തൊഴില്‍ നിയമനങ്ങള്‍ കുറഞ്ഞു. പണപ്പെരുപ്പം വര്‍ധിച്ചു. ട്രംപിന്‍റെ തല തിരിഞ്ഞ താരിഫ് നയങ്ങള്‍ മൂലം ഓഗസ്ററില്‍ 22000 പുതിയ തൊഴിലുകള്‍ മാത്രമാണ് ഉണ്ടായതെന്നും തൊഴിലില്ലായ്മ നിരക്ക് 4.3 ശതമാനമായി വര്‍ധിച്ചതായും കണക്കുകള്‍ പുറത്തു വരുന്നു. ഫാക്റ്ററികളിലും നിര്‍മാണ സ്ഥാപനങ്ങളിലും തൊഴിലാളികളെ കുറച്ചു. ജൂണില്‍ 13,000 തൊഴിലുകളാണ് കുറഞ്ഞത്. 2020 ഡിസംബറിനു ശേഷം ഇതാദ്യമായാണ് ഇത്രയും തകര്‍ച്ച യുഎസ് തൊഴില്‍ മേഖല നേരിടുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ട്രംപ് വാഗ്ദാനം ചെയ്ത വന്‍ സാമ്പത്തിക വളര്‍ച്ചയും നിലവിലെ യാഥാര്‍ഥ്യവും തമ്മിലുള്ള വലിയ അന്തരം പുതിയ കണക്കുകള്‍ തുറന്നു കാട്ടുന്നതാണ്. തന്‍റെ ഭരണകൂടം വളരെ വേഗത്തില്‍ പ്രവര്‍ത്തിക്കുന്നു എന്ന് ട്രംപ് അവകാശപ്പെടുന്നതിനു ഘടക വിരുദ്ധമായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്. ഒരു വര്‍ഷം കൂടി മെച്ചപ്പെട്ട തൊഴില്‍ കണക്കുകള്‍ക്കായി കാത്തിരിക്കണമെന്ന ആവശ്യവുമായി അമെരിക്കന്‍ ജനതയുടെ മുമ്പിലെത്തിയിരിക്കുകയാണ് ഇപ്പോള്‍ യുഎസ് പ്രസിഡന്‍റ്.
എന്നാല്‍ നിലവിലുള്ള ഫാക്റ്ററികള്‍ക്കപ്പുറത്തു പുതിയ ഫാക്റ്ററികള്‍ തുറന്ന് പ്രവര്‍ത്തിച്ച് വന്‍ സാമ്പത്തിക നേട്ടമുണ്ടാകാന്‍ പോകുന്നു എന്ന ട്രംപിന്‍റെ വാദമൊന്നും അമെരിക്കക്കാര്‍ക്ക് ആശ്വാസം നല്‍കുന്നില്ല.
ആദ്യ ഭരണകാലത്ത് 2020ല്‍ ട്രംപിന്‍റെ സാമ്പത്തിക നേതൃത്വത്തിനുള്ള അംഗീകാരം 56 ശതമാനം ആയിരുന്നു. എന്നാല്‍, ഈ വര്‍ഷം ജൂലൈയില്‍ അത് 38 ശതമാനം ആയി കുറഞ്ഞു എന്ന് അസോസിയേറ്റഡ് പ്രസ്~ നോര്‍ക് സെന്‍റര്‍ ഫൊര്‍ പബ്ളിക് അഫയേഴ്സ് റിസര്‍ച്ച് നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍ പറയുന്നു.