ന്യൂയോര്‍ക്ക്: ഇന്ത്യന്‍ ടെക് ഭീമനായ ടാറ്റ കണ്‍സള്‍ട്ടന്‍സി (ടി.സി.എസ്) വിവേചനം കാണിക്കുന്നു എന്ന ആരോപണവുമായി അമേരിക്കന്‍ ടെക്കികള്‍. പേരിനു നോട്ടീസ് നല്‍കി തങ്ങളെ ജോലിയില്‍ നിന്നു പുറത്താക്കുകയും പകരം ഇന്ത്യക്കാരെ നിയമിക്കുകയും ചെയ്തെന്നാണ് ഇവരുടെ ആരോപണം.
പ്രായത്തിന്റെയും വംശത്തിന്റെയും കാര്യത്തില്‍ കമ്പനി വിവേചനം കാണിക്കുന്നു എന്നാണ് പരാതിയില്‍ പറയുന്നത്. 22 യു.എസ് ഐ.ടി പ്രഫഷനലുകളാണ് ടി.സി.എസിനെതിരെ ഈക്വല്‍ എംപ്ളോയ്മെന്റ് ഓപ്പര്‍ച്യുനിറ്റി കമ്മീഷനില്‍ പരാതി നല്‍കിയത്. 40 വയസിനും 60 വയസിനുമിടയില്‍ പ്രായമുള്ളവരാണ് പിരിച്ചുവിട്ട ഈ 22 പേരും. വ്യത്യസ്ത ഗോത്രവര്‍ഗവിഭാഗങ്ങളില്‍ നിന്നുള്ളവരാണിവര്‍.
എം.ബി.എ അടക്കം ഉയര്‍ന്ന ബിരുദങ്ങളുള്ള തങ്ങളെയെല്ലാം ജോലിയില്‍ നിന്ന് പുറത്താക്കി പകരം നിലവാരമില്ലാത്ത ഇന്ത്യന്‍ കുടിയേറ്റക്കാരെ നിയമിച്ചിരിക്കുകയാണെന്ന് ഇവര്‍ പറയുന്നു. ഇതോടെ വിദേശ തൊഴിലാളികള്‍ക്ക് യു.എസ് നല്‍കുന്ന എച്ച്1~ബി വിസ പദ്ധതി വീണ്ടും ചര്‍ച്ചയാവുകയാണ്.
ഇന്ത്യയിലടക്കമുള്ള ഐ.ടി ബിരുദധാരികള്‍ക്ക് യു.എസ് കമ്പനികളില്‍ തൊഴില്‍ ചെയ്യാന്‍ അവസരം നല്‍കുന്ന വിസയാണ് എച്ച്വണ്‍ ബി വിസ. മൂന്നു വര്‍ഷം മുതല്‍ ആറുവര്‍ഷം വരെയാണ് വിസയുടെ കാലാവധി. അര്‍ഹതപ്പെട്ടവര്‍ക്ക് യു.എസില്‍ സ്ഥിരതാമസത്തിനുള്ള ഗ്രീന്‍ കാര്‍ഡും ലഭിക്കും.