യുഎസിലേക്ക് വിസയ്ക്ക് അപേക്ഷിച്ച 250,000 പേർക്ക് പുതുതായി അപ്പോയ്ന്റ്മെന്റ് നൽകിയെന്നു തിങ്കളാഴ്ച ഡൽഹിയിൽ അമേരിക്കൻ എംബസി അറിയിച്ചു. ടൂറിസ്റ്റുകൾക്കും വിദഗ്‌ധ ജോലിക്കാർക്കും വിദ്യാർഥികൾക്കും ഉൾപെടെയാണിത്.ഇന്ത്യയിൽ നിന്നുള്ള അപേക്ഷകർക്കു കൃത്യമായി ഇന്റർവ്യൂ എടുക്കാൻ ഇതു സഹായിക്കുമെന്നു എംബസി പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
യുഎസ്-ഇന്ത്യ ബന്ധത്തിന്റെ നട്ടെല്ലായ ജനങ്ങൾ തമ്മിലുള്ള സമ്പർക്കം സാധ്യമാക്കാനുള്ള കൃത്യമായ യാത്രകൾക്ക് പതിനായിരക്കണക്കിന് ആളുകൾക്കു സൗകര്യം ലഭിക്കും.ഇന്ത്യയിലെ എംബസിയിൽ തുടർച്ചയായി രണ്ടാം വർഷവും നോൺ-ഇമിഗ്രന്റ് വിഭാഗത്തിലെ വിസകൾ ഒരു മില്യൺ കവിഞ്ഞു. സ്റ്റുഡന്റ് വിസകൾ ഈ സമ്മറിൽ റെക്കോർഡിട്ടു. ആദ്യമായി അപേക്ഷിച്ച നിരവധി പേർക്ക് അഞ്ചു കോൺസലേറ്റുകളിൽ ഒരിടത്തു അപ്പോയ്ന്റ്മെന്റ് നൽകി.
ഈ വർഷം ഇതുവരെ 1.2 മില്യണിലധികം ഇന്ത്യക്കാർ യുഎസിലേക്കു യാത്ര ചെയ്തു. 2023ൽ ഇതേ കാലയളവിൽ സഞ്ചരിച്ചവരെക്കാൾ 35% അധികം.ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം എത്ര വേഗത്തിൽ വളരുന്നുവെന്നു എംബസി എടുത്തു പറഞ്ഞു. ചരിത്രത്തിൽ മുൻപുണ്ടാവാത്ത വിധം അടുത്ത ബന്ധമാണ് ഇപ്പോഴുള്ളത്. സെപ്റ്റംബർ യുഎസ്-ഇന്ത്യ പങ്കാളിത്ത ദിനമായി യുഎസ് സെനറ്റ് പ്രഖ്യാപിച്ചിരുന്നു.ഇന്ത്യയിൽ ആയിരക്കണക്കിനു വിസകൾ ദിവസേന നൽകുന്നുണ്ട്.
കഴിഞ്ഞ ആഴ്ച്ച യുഎസ് സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ബോസ്റ്റണിലും ലോസ് ആഞ്ജലസിലും കോൺസലേറ്റുകൾ തുറക്കുമെന്നു പ്രഖ്യാപിച്ചിരുന്നു.