ഇറാനിൽ യുഎസ് വ്യോമാക്രമണം നടത്തിയതിനു പിന്നാലെ ന്യൂ യോർക്ക് സിറ്റിയിൽ ഞായറാഴ്ച്ച യുദ്ധവിരുദ്ധ പ്രകടനങ്ങൾ പൊട്ടിപ്പുറപ്പെട്ടു. ഇറാനിലെ ആക്രമണത്തിനു പിന്നാലെ ന്യൂ യോർക്കും വാഷിംഗ്‌ടണും ഉൾപ്പെടെയുള്ള യുഎസ് നഗരങ്ങളിൽ ജാഗ്രതാ നിർദേശം നൽകുകയും സുരക്ഷാ നടപടികൾ കർശനമാക്കുകയും ചെയ്തിരുന്നു.
ഞായറാഴ്ച്ച ന്യൂ യോർക്ക് സിറ്റിയുടെ തെരുവുകളിൽ മാർച്ച് ചെയ്ത നൂറു കണക്കിനു പ്രതിഷേധക്കാർ പലസ്‌തീൻ പതാകകൾ ഏന്തിയിരുന്നു. 'ഇറാനെ തൊട്ടുകളിക്കരുത്' എന്നും 'ഇറാനെതിരായ യുദ്ധം നിർത്തുക' എന്നും എഴുതിയ പ്ലക്കാർഡുകളും അവർ ഉയർത്തിക്കാട്ടി.
ഇറാനെതിരായ ആക്രമണം തുടങ്ങി വച്ച ഇസ്രയേലിനെതിരെയും അവർ പ്രതിഷേധിച്ചു.
കൂടുതൽ സുരക്ഷാ സേനയെ നഗരത്തിൽ വിന്യസിച്ചതായി എൻ വൈ പി ഡി അറിയിച്ചു. മതപരമായ ഇടങ്ങൾ, സാംസ്കാരിക കേന്ദ്രങ്ങൾ, നയതന്ത്ര കേന്ദ്രങ്ങൾ എന്നിവിടങ്ങളിലും സുരക്ഷ വർധിപ്പിച്ചു.
വാഷിംഗ്‌ടണിൽ മെട്രോപൊളിറ്റൻ പോലീസ് ഡിപ്പാർട്മെന്റ് പറഞ്ഞു: "ഞങ്ങൾ സംഭവവികാസങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്."
തത്കാലം ഭീഷണികൾ ഒന്നുമില്ലെന്ന് അവർ കൂട്ടിച്ചേർത്തു. എന്നാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നമ്മുടെ സമൂഹത്തെ സുരക്ഷിതമായി കാത്തു സൂക്ഷിക്കണമെന്നും അവർ പറഞ്ഞു.