കൂടുതൽ യുഎസ് നഗരങ്ങളിലേക്ക് യുദ്ധവിരുദ്ധ പ്രകടനങ്ങൾ വ്യാപിച്ചു, വൈറ്റ് ഹൗസിനു മുന്നിലും പ്രകടനം

New Update
jcul n nf

ഇറാനിൽ യുഎസ് വ്യോമാക്രമണം നടത്തിയതിനു പിന്നാലെ പല യുഎസ് നഗരങ്ങളിലും ഞായറാഴ്ച യുദ്ധവിരുദ്ധ പ്രകടനങ്ങൾ പൊട്ടിപ്പുറപ്പെട്ടു. ന്യൂ യോർക്ക്, ബോസ്റ്റൺ, ഷിക്കാഗോ, ലോസ് ഏഞ്ജലസ്, വാഷിംഗ്‌ടൺ നഗരങ്ങളിൽ പ്രകടനങ്ങളെ തുടർന്നു സുരക്ഷ ശക്തമാക്കി.ജാഗ്രതാ നിർദേശം നൽകിയിട്ടുമുണ്ട്.  

Advertisment

വാഷിംഗ്‌ടണിൽ വൈറ്റ് ഹൗസിനു പുറത്തു മുൻ സൈനികർ ഉൾപ്പെടെ ഇരുനൂറോളം പ്രകടനക്കാർ തടിച്ചുകൂടി. 'ഇറാനുമായി യുദ്ധം വേണ്ട' എന്നെഴുതിയ പ്ലക്കാർഡുകളുമായാണ് അവർ എത്തിയത്.

ന്യൂ യോർക്കിൽ നൂറു കണക്കിനു പ്രകടനക്കാർ ടൈംസ് സ്‌ക്വയറിൽ നിന്നു കൊളംബസ് സർക്കിൾ വരെ മാർച്ച് ചെയ്തു. 'മിഡിൽ ഈസ്റ്റിൽ പുതിയ യുദ്ധമൊന്നും വേണ്ട' എന്നെഴുതിയ പ്ലക്കാർഡുകൾ അവർ പിടിച്ചിരുന്നു. 'ഇറാനെ തൊട്ടുകളിക്കരുത്' എന്നും 'ഇറാനെതിരായ യുദ്ധം നിർത്തുക' എന്നും എഴുതിയ പ്ലക്കാർഡുകളും അവർ ഉയർത്തിക്കാട്ടി. പ്രതിഷേധക്കാർ പലസ്‌തീൻ പതാകകൾ ഏന്തിയിരുന്നു.

കൂടുതൽ സുരക്ഷാ സേനയെ നഗരത്തിൽ വിന്യസിച്ചതായി എൻ വൈ പി ഡി അറിയിച്ചു. മതപരമായ ഇടങ്ങൾ, സാംസ്കാരിക കേന്ദ്രങ്ങൾ, നയതന്ത്ര കേന്ദ്രങ്ങൾ എന്നിവിടങ്ങളിലും സുരക്ഷ വർധിപ്പിച്ചു.

വാഷിംഗ്‌ടണിൽ മെട്രോപൊളിറ്റൻ പോലീസ് ഡിപ്പാർട്മെന്റ് പറഞ്ഞു: "ഞങ്ങൾ സംഭവവികാസങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്."

Advertisment