ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പതിനഞ്ചാമത് വാർഷികാഘോഷങ്ങൾ ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു

New Update
chikao jHFuisdfh

ചിക്കാഗോ: ചിക്കാഗോയിലെ രണ്ടാമത്തെ ഇടവകയും  പ്രവാസി ക്നാനായ സമൂഹത്തിലെ ഏറ്റവും വലിയ ഇടവകയുമായ ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പതിനഞ്ചാമത് വാർഷികാഘോഷങ്ങൾ കോട്ടയം അതിരൂപതാധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു. മെയ് 25 ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് നടത്തപ്പെട്ട ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണ തിരുക്കർമ്മങ്ങൾക്ക് ശേഷമായിരുന്നു വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനം നിർവ്വഹിക്കപ്പെട്ടത്.

Advertisment

2010 ജൂലൈ മാസത്തിൽ കൂദാശചെയ്യപ്പെട്ട സെന്റ് മേരീസ് ഇടവക ദൈവാലയം പതിനഞ്ചുവർഷങ്ങൾ പൂർത്തിയാക്കുമ്പോൾ, ആഘോഷങ്ങളുടെ ഭാഗമായി വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. പങ്കാളിത്വത്തിൽ ആഗോള ക്നാനായ സമൂഹത്തിലെ തന്നെ ഏറ്റവും വലിയ ഇടവകയായി കരുതപ്പെടുന്ന ചിക്കാഗോ സെന്റ് മേരീസ്, ഭക്തിനിർഭരമായ തിരുക്കർമ്മങ്ങൾക്കും സജീവമായ മിനിസ്ട്രികളുടെ പ്രവർത്തനങ്ങൾക്കും പുറമെ, ആഗോള ക്നാനായ സമൂഹത്തിൽ നിസ്തുലമായ സേവന സന്നദ്ധ പ്രവർത്തനങ്ങളും കൊണ്ട് ക്നാനായ സമുദായത്തിന് തന്നെ അഭിമാനമായി മാറിയിട്ടുണ്ട് എന്ന് അഭി. മാർ മാത്യു മൂലക്കാട്ട് പ്രസ്താവിച്ചു.

ഭവന നിർമ്മാണ പ്രവർത്തനങ്ങൾക്ക് പുറമെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി സഹായങ്ങൾ നിർല്ലോഭമായി ചെയ്തുവരുന്ന ഇടവക എന്ന നിലക്ക്, ഈ ഇടവകയുടെ പ്രവർത്തനങ്ങൾ  ഏറെ അഭിനന്ദനീയമാണ് എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഇടവകയുടെ പതിഞ്ചാമത് വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനകർമ്മം നിർവ്വഹിച്ചത്  ഈ ദൈവാലയത്തിൽ പ്രഥമ ദിവ്യബലി അർപ്പിച്ച അഭി. മാർ മാത്യു മൂലക്കാട്ട് പിതാവാണ് എന്നത് ഏറെ സന്തോഷം നൽകുന്ന കാര്യമാണ് എന്ന് ഇടവക വികാരി ഫാ. സിജു മുടക്കോടിൽ അറിയിച്ചു.

ആഘോഷങ്ങളുടെ ഭാഗമായി നടത്തപെടുന്ന സീറോ മലബാർ സഭാധ്യക്ഷൻ മാർ റാഫേൽ തട്ടിൽ പിതാവിന് നൽകുന്ന സ്വീകരണമടക്കമുള്ള പതിനഞ്ചിന പരിപാടികൾ മികച്ച രീതിയിൽ തന്നെ നടത്തുവാനുള്ള തയ്യാറെടുപ്പുകൾ നടന്നുവരുന്നതായി ആഘോഷ കമ്മറ്റി ചെയർമാൻ ബിനു കൈതക്കത്തൊട്ടിയിൽ അറിയിച്ചു.

ആഘോഷങ്ങളുടെ ക്രമീകരണങ്ങൾക്കായി  ബിനു കൈതക്കത്തൊട്ടിയുടെ നേതൃത്വത്തിൽ സ്റ്റീഫൻ കിഴക്കേക്കുറ്റ്, സ്റ്റീഫൻ ചൊള്ളമ്പേൽ, ടോണി പള്ളിയറതുണ്ടത്തിൽ, മിനി എടകര, ടെസ്സി ഞാറവേലിൽ എന്നിവരടങ്ങിയ  കമ്മറ്റി ഇടവക വികാരി ഫാ. സിജു മുടക്കോടിൽ, അസി. വികാരി ഫാ. അനീഷ് മാവേലിപുത്തെൻപുര, സെക്രട്ടറി സിസ്റ്റർ ഷാലോം, കൈക്കാരന്മാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയിൽ, ലൂക്കോസ് പൂഴിക്കുന്നേൽ, ജോർജ്ജ് മറ്റത്തിപ്പറമ്പിൽ, നിബിൻ വെട്ടിക്കാട്ട്, പാരിഷ് കൗൺസിൽ സെക്രട്ടറി സണ്ണി മേലേടം, പി ആർ ഓ അനിൽ മറ്റത്തിക്കുന്നേൽ എന്നിവരോടൊപ്പം പ്രവർത്തിച്ചുവരുന്നു.

റിപ്പോർട്ട്: അനിൽ മറ്റത്തിക്കുന്നേൽ 

Advertisment